ജിസിഡിഎ ഭൂമി ഹാര്‍ട്ട് കെയര്‍ ഫൌണ്ടേഷന് കൈമാറാനുള്ള നീക്കം വിവാദത്തില്‍
|പൊതു കളിസ്ഥലമാക്കാനായി നല്‍കിയ ഭൂമി മറിച്ച് നല്‍കി
സ്വകാര്യസ്ഥാപനമായ ഹാര്‍ട്ട് കെയര്‍ ഫൌണ്ടേഷന് ഭൂമി നല്‍കാനുള്ള വിശാല കൊച്ചി വികസന അതോറിറ്റിയുടെ തീരുമാനം വിവാദത്തിലേക്ക്. പൊതു കളിസ്ഥലമാക്കാനായി സ്വകാര്യവ്യക്തി നഗരസഭയ്ക്ക് കൈമാറിയ ഭൂമിയാണ് വ്യവസ്ഥകള്‍ ലംഘിച്ച് പാട്ടത്തിന് നല്‍കാന്‍ ജിസിഡിഎ തീരുമാനിച്ചത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
പനമ്പിള്ളി നഗറിലെ കോയിത്തറ പാര്‍ക്കിലെ 15 സെന്‍റ് സ്ഥലമാണ് പ്രമുഖ ഹൃദ്രോഗവിദഗ്ധന്‍ ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഹാര്‍ട്ട് കെയര്‍ ഫൌണ്ടേഷന് നല്‍കാന്‍ ജിസിഡിഎ തീരുമാനിച്ചത്. ഹൃദ്രോഗികള്‍ക്ക് റീഹാബിലിറ്റേഷന്‍ സെന്‍റര്‍ പണിയാന്‍ 50 സെന്‍റ് സ്ഥലമാണ് ഫൌണ്ടേഷന്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നത്. ഇതിലേക്കാണ് എളങ്കുളം വെസ്റ്റ് എക്സ്റ്റന്‍ഷന്‍ ഡിടിപി സ്ക്കീമില്‍പെട്ട 15 സെന്‍റ് സ്ഥലം പ്രതിവര്‍ഷം 6000 രൂപ പാട്ടത്തിന് ജിസിഡിഎ അനുവദിച്ചത്. പതിറ്റാണ്ടുകള്‍ക്ക് മുന്പ് പൊതു കളിസ്ഥലം നിര്‍മിക്കാന്‍ മാത്രമായി നഗരസഭയ്ക്ക് സ്വകാര്യവ്യക്തി കൈമാറിയ ഈ ഭൂമി ചട്ടപ്രകാരം മറ്റ് ആവശ്യങ്ങള്‍ക്ക് കൈമാറാനാവില്ല. ഇക്കാര്യം ഫയലില്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയെങ്കിലും അത് മറികടന്നാണ് ഭൂമി കൈമാറ്റം ചെയ്യാന്‍ എന്‍ വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള മുന്‍ ഭരണസമിതി തീരുമാനിച്ചത്.
ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരമാണ് ഭൂമി അനുവദിക്കുന്നതെന്ന് ഇതുസംബന്ധിച്ച ജിസിഡിഎയുടെ ഫയല്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഭൂമിയുടെ സോണ്‍ മാറ്റാനുള്ള ജിസിഡിഎയുടെ നീക്കത്തിന് സര്‍ക്കാര്‍ ഇതുവരേയും അംഗീകാരം നല്‍കിയിട്ടുമില്ല. ഭൂമികൈമാറ്റത്തില്‍ അഴിമതിയുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
ഹാര്‍ട്ട് കെയര്‍ ഫൌണ്ടേഷന്‍ പോലെ സാമൂഹികപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനും ഞങ്ങള്‍ എതിരല്ല. എന്നാല്‍ ചട്ടങ്ങള്‍ മറികടന്നുള്ള ഭൂമി കൈമാറ്റങ്ങള്‍ അഴിമതിതന്നെയാണ്.