Kerala
സര്‍ക്കാര്‍ മുസ്‍ലിം വേട്ട നടത്തുന്നുവെന്ന ലീഗ് കാമ്പയിനോട് സമസ്തക്ക് എതിര്‍പ്പ്സര്‍ക്കാര്‍ മുസ്‍ലിം വേട്ട നടത്തുന്നുവെന്ന ലീഗ് കാമ്പയിനോട് സമസ്തക്ക് എതിര്‍പ്പ്
Kerala

സര്‍ക്കാര്‍ മുസ്‍ലിം വേട്ട നടത്തുന്നുവെന്ന ലീഗ് കാമ്പയിനോട് സമസ്തക്ക് എതിര്‍പ്പ്

Trainee
|
28 May 2018 6:43 PM GMT

സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ.ആലിക്കുട്ടി മുസ്ലിയാരുടെ പേരില്‍ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ലേഖനം സംഘടനയില്‍ രൂക്ഷ വിവാദത്തിനാണ് വഴി വെച്ചത്.

ഭീകരതയുടെ പേരില്‍ സര്‍ക്കാര്‍ മുസ്‍ലിം വേട്ട നടത്തുന്നുവെന്ന മുസ്‍ലിം ലീഗ് കാംപയിനോട് സമസ്തക്ക് എതിര്‍പ്പ്. ലീഗ് കാംപയിനെ പിന്തുണച്ച് സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ.ആലിക്കുട്ടി മുസ്ലിയാരുടെ പേരില്‍ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ലേഖനം സംഘടനയില്‍ രൂക്ഷ വിവാദത്തിനാണ് വഴി വെച്ചത്. വിമര്‍ശം ശക്തമായതിനെ തുടര്‍ന്ന് തന്‍റെ അറിവോടെയല്ല ലേഖനം പ്രസിദ്ധീകരിച്ചതെന്ന വിശദീകരണവുമായി ആലിക്കുട്ടി മുസ്ലിയാര്‍ രംഗത്തെത്തി.

ഇസ്ലാമിക് സ്റ്റേറ്റ്, പീസ് സ്കൂള്‍ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ട നടത്തുന്നുവെന്ന ലീഗ് കാംപയിനെ പിന്തുണച്ചാണ് പ്രഫ.കെ ആലിക്കുട്ടി മുസ്ലിയാരുടെ പേരിലുള്ള ലേഖനം ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്. ആദര്‍ശപരമായി സുന്നികള്‍ക്ക് വിയോജിപ്പുള്ള സലഫീ നേതാക്കളെ ലേഖനത്തില്‍ പിന്തുണച്ചത് സംഘടനാ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന അഭിപ്രായം സമസ്തയില്‍ ഉയര്‍ന്നു. സര്‍ക്കാര്‍ മുസ്ലിം വേട്ട നടത്തുന്നുവെന്ന ലീഗ് നിലപാടിനോട് പൂര്‍ണമായും യോജിക്കാനാവില്ലെന്ന നിലപാടും സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തി. യതീംഖാനകള്‍ക്കെതിരെ പോലീസ് നടപടി ഉണ്ടായപ്പോള്‍ മുസ്ലിം ലീഗ് നിശബ്ദമായിരുന്നുവെന്ന വിമര്‍ശവും ഉയര്‍ന്നു.

ഈ സാഹചര്യത്തിലാണ് ലേഖനത്തെ തള്ളി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ രംഗത്തുവന്നത്. മുസ്‍ലിം ലീഗ് കാംപയിന് സമസ്തയുടെ നേതാവിന്‍റെ പേര് ദുരുപയോഗം ചെയ്തെന്ന വികാരം പ്രകടിപ്പിക്കാന്‍ ചന്ദ്രിക എഡിറ്റര്‍ക്ക് ആലിക്കുട്ടി മുസ്ലിയാര്‍ കത്ത് നല്‍കുകയും ചെയ്തു. തന്‍റെ പേരില്‍ ലേഖനം പ്രസിദ്ധീകരിച്ചതിലുള്ള പ്രതിഷേധം അറിയിക്കുന്ന കത്തില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും ആലിക്കുട്ടി മുസ്ലിയാര്‍ നല്‍കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിലേക്കെന്ന് സംശയിക്കപ്പെടുന്ന പലായനങ്ങളുമായി ബന്ധപ്പെട്ട് പോലീസും എന്‍ഐഎയും സ്വീകരിച്ച നടപടികള്‍ക്കെതിരെ ശക്തമായ പ്രചരണമാണ് മുസ്‍ലിം ലീഗ് നടത്തുന്നത്.

*സമസ്തയെ ബലിയാടാക്കാൻ അനുവദിക്കില്ല*


സഹിഷ്ണുതക്കും സൗഹൃദത്തിനും ഏറെ പ്രാധാന്യം കൽപിച്ചവരാണ് പാരമ്പര്യ ഇസ്ലാമിക സമൂഹം. വിശുദ്ധമായ ഈ പാരമ്പര്യമാർഗം നിലനിർത്താനാണ് 1926 ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നിലവിൽ വന്നത്. തീവ്രതക്കെതിരെ വിട്ട് വീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് പോന്ന സമസ്തയെ ,പൊതു സമൂഹത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ചിലർ അണിയറയിൽ നിഗൂഢ നീക്കം നടത്തുന്നുവോ എന്ന് ഞങ്ങൾ ബലമായി സംശയിക്കുന്നു.
രാജ്യം വിട്ട് പുറത്ത് പോയി ഐ എസിൽ ചേർന്നുവോ എന്ന് സംശയിക്കപ്പെടുന്ന ഇരുപത്തിഒന്നു പേർ കേരളത്തിലെ സലഫി പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരാണെന്ന് പറയപ്പെടുന്നതിനാൽ കേന്ദ്ര അന്യേഷണ ഏജൻസികൾ സലഫി പ്രസ്ഥാനത്തെ കുറിച്ച് അന്വേഷിക്കുകയും റൈഡുകൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നതായി അറിയുന്നു. ഫാഷിസ്റ്റ് ഭരണകൂടത്തിൽ നിന്ന് ദലിത് - മുസ്‌ലിം ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് നീതി ലഭിക്കാത്ത നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ കേസന്വേഷണത്തിലും അങ്ങിനെ സംഭവിക്കുമോ എന്ന ആശങ്ക നിഷ്പക്ഷമതികളെ അലട്ടുന്നുണ്ട്.
സലഫിയോ ജമാഅത്തോ തബ് ലീഗോ ,സുന്നിയോ, ദലിതുകളോ ഇതര മതവിഭാഗങ്ങളിൽ പെട്ടവരോ ആരുമാകട്ടെ അന്യായമായ കേസ് ചുമത്തപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തു കൂടാ. ഇസ്ലാമിക പ്രബോധനത്തിന്റെ പേരിൽ ഇല്ലാത്ത കുറ്റമുണ്ടാക്കി കേസ് ചുമത്തുന്നത് യാതൊരു കാരണവശാലും ന്യായീകരിക്കാവതല്ല - ഇതിനെതിരെ മുസ്ലിം സാമുദായിക രാഷ്ടീയ പാർട്ടി കാമ്പയിൻ ആരംഭിച്ചിരിക്കുന്നു.
കാമ്പയിനിന്റെ ഉൽഘാടന ദിവസം 'ചന്ദ്രികയിൽ' സമസ്ത ജ: സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാരുടെ പേരിൽ വന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം -

സമസ്തയുടെ നയത്തിനും നിലപാടിനുമെതിരെ ഈ ലേഖനം എങ്ങിനെ വന്നു?
സമസ്തയുടെയും അഭിവന്ദ്യ നായ ഞങ്ങളുടെ ജ: സെക്രട്ടറിയെയും തെറ്റിദ്ധരിപ്പിക്കുകയും തീവ്രവാദ പ്രവർത്തനങ്ങളെ ന്യായീകരിക്കുകയും സലഫീ പ്രബോധകരെ വെള്ളപൂശുകയും ചെയ്യുന്ന ഈ ലേഖനം വന്ദ്യരായ ഉസ്താദ് എഴുതിയതല്ല. അങ്ങിനെ ഒരു ലേഖനം പ്രസിദ്ധീകരിക്കാൻ ബഹു: സെക്രട്ടറി ആർക്കും അനുമതി നൽകിയിട്ടുമില്ല.
ഇക്കാര്യം രേഖാമൂലം ചന്ദ്രിക എഡിറ്ററെ ഉസ്താദ് ആലിക്കുട്ടി മുസ്ല്യാർ അറിയിച്ച് കഴിഞ്ഞു. ഉസ്താദിന്റെ കടുത്ത നീരസവും പ്രതിഷേധവും മുന്നറിയിപ്പും കത്തിൽ കാണാം.

ഈ ലേഖനത്തിൽ നാല് പ്രധാന പ്രശ്നങ്ങളുണ്ട്.

1) ഇന്ത്യയിൽ ജീവിച്ച് മരിച്ചാൽ സ്വർഗം ലഭിക്കില്ലെന്ന് പറഞ്ഞ് രാജ്യംവിട്ട, തീവ്രസലഫി ജ്വരം തലക്ക് പിടിച്ച 21 പേരെ പൊടി തട്ടി നന്നാക്കിയെടുക്കാൻ ശ്രമിക്കുന്നു.

2) സുന്നീ ആദർശങ്ങളെ തള്ളിപ്പറയുകയും പ്രവാചക തിരുമേനി(സ) യെ കുറിച്ച് നിലവാരം കുറഞ്ഞ പദപ്രയോഗം നടത്തി പ്രസംഗിക്കുകയും ചെയ്ത എം.എം അക്ബർ എന്ന മുജാഹിദ് നേതാവിനെ പ്രമുഖ ഇസ്ലാമിക പ്രബോധകൻ എന്ന് വിശേഷിപ്പിക്കുകയും പൊതു സമൂഹത്തിൽ അംഗീകാരം നേടിക്കൊടുക്കുകയും ചെയ്യുന്നു.

3) ആത്മീയ-മത-ഭൗതിക വിദ്യാഭ്യാസങ്ങൾ സമന്വയിപ്പിച്ച് സ്തുത്യർഹമായി നടന്നു വരുന്നതാണ് മുജാഹിദ് നേതൃത്വത്തിൽ നടന്നു വരുന്ന പീസ് സ്കൂളുകൾ എന്ന് പരിചയപ്പെടുത്തുന്നു.

4) കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ ചിലർക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന് ചില സൂചനകൾ ലഭിക്കുകയും അന്വേഷണം നടന്ന് വരികയും ചെയ്യുന്ന പശ്ചാത്തലത്തിൽ അവരെ മൊത്തം നിരപരാധികളായി ചിത്രീകരിക്കുക വഴി തീവ്രവാദത്തെ
ബഹു ജ:സെക്രട്ടറിയും സമസ്തയും പരോക്ഷമായി സഹായിക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നു.

ഇത് അത്യന്തം ആപൽകരമാണ്. സമസ്ത
ജ: സെക്രട്ടറിയുടെ പേരിൽ അദ്ദേഹത്തിന്റെതല്ലാത്തലേഖനം എഴുതി സമസ്തയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ചില സലഫികൾ നടത്തുന്ന നീക്കത്തിൽ നിന്ന് അവർ പിന്തിരിഞ്ഞേ തീരൂ.
ലേഖനം പിൻവലിക്കാൻ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെ വേണ്ടത് ചെയ്യുമെന്ന പ്രത്യാശയോടെ..

1- ഡോ:ബഹാഉദ്ധീൻ മുഹമ്മദ് നദ് വി
(ജന:സെക്രട്ടറി സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ .

2- ഉമർ ഫൈസി മുക്കം
(ജന:സെക്രട്ടറി സുന്നീ മഹല്ല് ഫെഡറേഷൻ)

3- ഹാജി കെ മമ്മത് ഫൈസി (ട്രഷറർ SYS സംസ്ഥാനകമ്മറ്റി)

4- അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
(SYS സംസ്ഥാന
വ:സെക്രട്ടറി)

5- പിണങ്ങോട് അബൂബക്കർ (SYS സംസ്ഥാന വ:സെക്രട്ടറി)

6 - അബ്ദുസമദ് പൂക്കോട്ടൂർ
(SYS സംസ്ഥാന സെക്രട്ടറി)

7- മുസ്തഫ മുണ്ടുപാറ
(ജന:സെക്രട്ടറി സമസ്ത
എംബ്ലോയീസ് അസോസിയേഷൻ)

8- നാസർ ഫൈസി കൂടത്തായി
(സെക്രട്ടറി SYS സംസ്ഥാന സെക്രട്ടറി)

9- സത്താർ പന്തല്ലൂർ
(SKSSF സംസ്ഥാന ജന:സെക്രട്ടറി)

Similar Posts