Kerala
മികച്ച അവതരണം നടത്തിയ കുട്ടികൾക്കു സമ്മാനം നഷ്ടപ്പെടുന്നതു കണ്ട്‌ അന്തം വിടേണ്ടിവരും - സ്കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണയത്തെക്കുറിച്ച് ഒരു തുറന്നെഴുത്ത്'മികച്ച അവതരണം നടത്തിയ കുട്ടികൾക്കു സമ്മാനം നഷ്ടപ്പെടുന്നതു കണ്ട്‌ അന്തം വിടേണ്ടിവരും' - സ്കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണയത്തെക്കുറിച്ച് ഒരു തുറന്നെഴുത്ത്
Kerala

'മികച്ച അവതരണം നടത്തിയ കുട്ടികൾക്കു സമ്മാനം നഷ്ടപ്പെടുന്നതു കണ്ട്‌ അന്തം വിടേണ്ടിവരും' - സ്കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണയത്തെക്കുറിച്ച് ഒരു തുറന്നെഴുത്ത്

admin
|
28 May 2018 11:13 AM GMT

ഒരു വിധികർത്താവ്‌ തനിക്കു താത്‌പര്യമുള്ള കുട്ടിക്ക്‌ 8 മാർക്കു കൂടുതലും മറ്റേ കുട്ടിക്ക്‌ 8 മാർക്കു കുറച്ചുമിട്ടാൽ വിധിനിർണ്ണയം താൻ വിചാരിച്ച വഴിക്കാകും. മറ്റുള്ളവർ അക്കാര്യത്തിൽ .....

സ്കൂള്‍ കലോത്സവത്തിലെ വിധി നിര്‍ണയ സമിതിയിലംഗമായാലും മികച്ച അവതരണം നടത്തിയ കുട്ടികൾക്കു സമ്മാനം നഷ്ടപ്പെടുന്നതു കണ്ട്‌ പലപ്പോഴും അന്തം വിടേണ്ടിവരുമെന്ന് സാഹിത്യകാരന്‍ മനോജ് കുറൂര്‍. വിധി നിര്‍ണയ സമിതി അംഗമാകാനുള്ള ക്ഷണം നിരസിക്കാനുള്ള കാരണങ്ങള്‍ വിശദമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ പരാമര്‍‌ശം. വിധിനിർണ്ണയം കഴിഞ്ഞിറങ്ങിയാൽ സ്കൂൾ അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും കലാധ്യാപകരും ചേർന്നുള്ള സംഘത്തിൽനിന്നു രക്ഷപ്പെടാൻ പാടുപെടേണ്ടി വരികയും കാരണങ്ങളിലൊന്നാണെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു. സ്കൂൾ കലോത്സവത്തിൽ ഇടവിട്ട്‌ അഞ്ചാറു വർഷം വിധികര്‍‌ത്താവായിരുന്ന ഒരു ഹതഭാഗ്യനാണ് താനെന്നും മനോജ് കുറൂര്‍ പറയുന്നു.

'ഒരു വിധികർത്താവു വിചാരിച്ചാലും വേണമെങ്കിൽ സമ്മാനനിർണ്ണയം തന്റെ വരുതിയിലാക്കാം എന്നതാണവസ്ഥ. മികച്ച അവതരണം നടത്തുന്ന പല കുട്ടികളുണ്ടാവും. കൃത്യമായി മാർക്കിട്ടാൽ അവരിലോരോരുത്തർക്കും രണ്ടോ മൂന്നോ മാർക്കിന്റെ വ്യത്യാസമൊക്കെയേ കാണൂ. ഉദാഹരണത്തിന്‌, 75, 72 മാർക്കുകളാണ്‌ രണ്ടു കുട്ടികൾക്ക്‌ മറ്റു വിധികർത്താക്കളിട്ട ശരാശരി എന്നിരിക്കട്ടെ. ഒരു വിധികർത്താവ്‌ തനിക്കു താത്‌പര്യമുള്ള കുട്ടിക്ക്‌ 8 മാർക്കു കൂടുതലും മറ്റേ കുട്ടിക്ക്‌ 8 മാർക്കു കുറച്ചുമിട്ടാൽ വിധിനിർണ്ണയം താൻ വിചാരിച്ച വഴിക്കാകും. മറ്റുള്ളവർ അക്കാര്യത്തിൽ നിസ്സഹായരാകും.' - മികച്ച അവതരണം നടത്തിയ കുട്ടികള്‍ക്ക് സമ്മാനം നഷ്ടമാകുന്നതിനുള്ള വിശദീകരണം ഇപ്രകാരമാണ്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇടവിട്ട്‌ അഞ്ചാറു വർഷം വിധികർത്താവായിരുന്ന ഒരു ഹതഭാഗ്യനാണു ഞാൻ. ഓരോ തവണ വിധി കഴിഞ്ഞുപോരുമ്പോഴും പാനലിൽനിന്നു പേരു വെട്ടിക്കും. ഒരു കാര്യവുമില്ല. വീണ്ടും വിളിക്കും. ഇപ്പോൾ എന്തായാലും വരുന്നില്ല എന്നു പറഞ്ഞ്‌ ഒഴിയും. എന്നാലും...

കാരണങ്ങൾ പലതാണ്‌.

1. റയിൽവേ സ്റ്റേഷനിൽനിന്ന് സംഘാടകരുടെ ഓഫീസിലെത്താനും സമയത്തിനു വേദിയിലെത്താനും വണ്ടി വിട്ടുകിട്ടാൻ, താമസിക്കാൻ നല്ല മുറികിട്ടാൻ, ഒക്കെ പലപ്പോഴും വഴക്കിടേണ്ടി വരിക.

ഇത്‌ അടച്ചു കുറ്റം പറഞ്ഞതല്ല. ഭാഗ്യം ഉച്ചസ്ഥിതിയിലാണെങ്കിൽ മേൽപറഞ്ഞവ തരമാവാറുണ്ട്‌. പക്ഷേ പലപ്പോഴും 'സർക്കാർ കാര്യം' എന്ന ചൊല്ലിനനുസരിച്ചാണ്‌ ഏർപ്പാട്‌.

2. വിധിനിർണ്ണയം കഴിഞ്ഞിറങ്ങിയാൽ സ്കൂൾ അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും കലാധ്യാപകരും ചേർന്നുള്ള സംഘത്തിൽനിന്നു രക്ഷപ്പെടാൻ പാടുപെടേണ്ടിവരിക.

ഓരോ കുട്ടിയുടെയും വേണ്ടപ്പെട്ടവർക്കു തങ്ങളുടെ കുട്ടിയാണ്‌ ഏറ്റവും മികച്ചത്‌. സമ്മാനം കിട്ടിയാൽ കുട്ടിയുടെ കഴിവ്‌. കിട്ടിയില്ലെങ്കിൽ വിധികർത്താക്കളുടെ പിഴവ്‌! ഇതാണു മാനസികാവസ്ഥ. കലാരംഗത്തു പ്രവർത്തിക്കുന്നവർ തമ്മിൽത്തന്നെ ഏറ്റുമുട്ടുന്നതും ഇതെല്ലാം കഴിഞ്ഞാലും ഇഷ്ടക്കേടു കൊണ്ടുനടക്കുന്നതും സാധാരണമാണ്‌. ഈ സമ്മാനാർഹരിൽപ്പോലും മിക്കവരെയും പിന്നെ കലാരംഗത്തു കാണുന്നതു വിരളമാണ്‌. പത്തിലെ പരീക്ഷയുടെ ഗ്രേഡ്‌ പോയിന്റ്‌ കിട്ടിയാൽ മിക്കവർക്കും കല അവിടെ തീരും. താൻ അവതരിപ്പിച്ച കലയെപ്പറ്റിപ്പോലും ഒരു ധാരണയുമില്ലാതെ മത്സരത്തിന്റെ സമയത്ത്‌ താൻ ആവർത്തിച്ചു പഠിച്ചത്‌ അവതരിപ്പിച്ച്‌ സമ്മാനം വാങ്ങുന്നവർ ഏറെയാണ്‌. ഒരു കുട്ടിക്ക്‌ വേണ്ട വിധത്തിൽ ഒരു കല പഠിക്കാൻ തന്നെ വർഷങ്ങൾ വേണ്ടിവരും. അപ്പോഴാണ്‌ എണ്ണിയാൽ വിരൽ തീരുന്നത്ര ഇനങ്ങളിൽ മത്സരം!

3. പലപ്പോഴും മികച്ച അവതരണം നടത്തിയ കുട്ടികൾക്കു സമ്മാനം നഷ്ടപ്പെടുന്നതു കണ്ട്‌ അന്തം വിടേണ്ടിവരിക.

വിശദീകരിക്കാം. ഒരു വിധികർത്താവു വിചാരിച്ചാലും വേണമെങ്കിൽ സമ്മാനനിർണ്ണയം തന്റെ വരുതിയിലാക്കാം എന്നതാണവസ്ഥ. മികച്ച അവതരണം നടത്തുന്ന പല കുട്ടികളുണ്ടാവും. കൃത്യമായി മാർക്കിട്ടാൽ അവരിലോരോരുത്തർക്കും രണ്ടോ മൂന്നോ മാർക്കിന്റെ വ്യത്യാസമൊക്കെയേ കാണൂ. ഉദാഹരണത്തിന്‌, 75, 72 മാർക്കുകളാണ്‌ രണ്ടു കുട്ടികൾക്ക്‌ മറ്റു വിധികർത്താക്കളിട്ട ശരാശരി എന്നിരിക്കട്ടെ. ഒരു വിധികർത്താവ്‌ തനിക്കു താത്‌പര്യമുള്ള കുട്ടിക്ക്‌ 8 മാർക്കു കൂടുതലും മറ്റേ കുട്ടിക്ക്‌ 8 മാർക്കു കുറച്ചുമിട്ടാൽ വിധിനിർണ്ണയം താൻ വിചാരിച്ച വഴിക്കാകും. മറ്റുള്ളവർ അക്കാര്യത്തിൽ നിസ്സഹായരാകും.

എന്തിനാണ് ഈ പൊല്ലാപ്പ്! പോകാതിരുന്നാൽ മറ്റുള്ളവരുടെ സംശയദൃഷ്ടിയും മത്സരശേഷമുള്ള പകയും കാണാതിരിക്കാം. വീട്ടിൽ കിടന്നുറങ്ങാം.

(പോകുന്നില്ല എന്നതുകൊണ്ടാണു പരസ്യമായി എഴുതിയത്. )

Similar Posts