സാമൂഹ്യസ്പര്‍ധയുണ്ടാക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; കുമ്മനത്തിനെതിരെ കേസ്
|ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഏറെ വിവാദമായിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെതിരെ പോലീസ് കേസെടുത്തു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സാമൂഹ്യസ്പര്‍ദ്ധയുണ്ടാക്കുന്ന വീഡിയോ പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് കുമ്മനത്തിനെതിരെ കണ്ണൂര്‍ ടൌണ്‍ പോലീസ് കേസെടുത്തത്. ഐ.പി.സി 153 പ്രകാരമാണ് കേസ്.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന സി.പി.എം പ്രവര്‍ത്തകര്‍ എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഏറെ വിവാദമായിരുന്നു. കണ്ണൂരിനെ കലാപ ഭൂമിയാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കുമ്മനം ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്നാരോപിച്ച് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.പി മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു.
ക്രമസമാധാന നിലയും സാമൂഹ്യസ്വസ്ഥതയും നശിപ്പിച്ച് ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കുക എന്ന ഉദ്ദേശ്യമാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തതിലൂടെ കുമ്മനം ലക്ഷ്യമിട്ടതെന്നും ആയതിനാല്‍ കുമ്മനത്തിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ഈ പരാതി മുഖ്യമന്ത്രി ഡി.ജി.പിക്കും ഡി.ജി.പി കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കും കൈമാറുകയായിരുന്നു.
തുടര്‍ന്നാണ് കണ്ണൂര്‍ ടൌണ്‍ പോലീസ് കുമ്മനം രാജശേഖരനെതിരെ കേസ് രജിസ്ട്രര്‍ ചെയ്തത്. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സാമൂഹ്യസ്പര്‍ദ്ധ ഉളവാക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് ഐപിസി 151 എ വകുപ്പ് പ്രകാരമാണ് കേസ്. വീഡിയോയുടെ ആധികാരികത പരിശോധിച്ചതിന് ശേഷം തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് അറിയിച്ചു.