ഇടത് തൊഴിലാളികള്‍ക്കിടയിലെ ഭിന്നത; കേരഫെഡ് കോക്കനട്ട് കോംപ്ലക്സിന്റെ പ്രവര്‍ത്തനം മുടങ്ങി
|സമരത്തോടെ വെളിച്ചെണ്ണ ഉല്‍പാദനവും നാളികേര സംഭരണവും മുടങ്ങിയത് ദിനം പ്രതി സ്ഥാപനത്തെ കൂടുതല്‍ നഷ്ടത്തിലാക്കുകയാണ്
ഇടത് തൊഴിലാളികള്‍ക്കിടയിലെ ഭിന്നത മൂലം കോഴിക്കോട് നടുവണ്ണൂരിലെ കേരഫെഡ് കോക്കനട്ട് കോംപ്ലക്സിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ഒരാഴ്ചയായി മുടങ്ങി. ഐ ഐ ടി യു സി നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയന്റെ നിര്‍ദേശമനുസരിച്ചാണ് മാനേജ്മെന്റ് പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് ഒരാഴ്ചയായി സിഐടിയു പ്രവര്‍ത്തകര്‍ സ്ഥാപന കവാടം ഉപരോധിക്കുകയാണ്. സമരത്തോടെ വെളിച്ചെണ്ണ ഉല്‍പാദനവും നാളികേര സംഭരണവും മുടങ്ങിയത് ദിനം പ്രതി സ്ഥാപനത്തെ കൂടുതല്‍ നഷ്ടത്തിലാക്കുകയാണ്.
സ്ഥാനക്കയറ്റത്തിലെ വിവേചനം അവസാനിപ്പിക്കുക, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സി ഐ ടി യുവിന്റെ നേതൃത്വത്തിലുളള്ള സമരം. ഭരണം മാറിയതിന്റെ ഒരു ഗുണവും സ്ഥാപന നടത്തിപ്പില്‍ പ്രതിഫലിക്കുന്നില്ലെന്നും സിഐടിയു ആരോപിക്കുന്നു യുഡിഎഫ് ഭരണ കാലത്ത് നടന്ന അഴിമതികളില്‍ അന്വേഷണമില്ലെന്ന മാനേജ്മെന്റ് നിലപാടും സിഐടിയുവിനെ ചൊടിപ്പിച്ചു. എന്നാല്‍ സി ഐ ടി യു സമരം ദുരുദ്ദേശപരമാണെന്നും സ്ഥാപനം തകര്‍ക്കാന്‍ മാത്രമെ ഈ നിലപാട് ഉപകരിക്കുകയുള്ളുവെന്നും ഐഐടിയുസി നേതാക്കള്‍ പറഞ്ഞു. കേരഫെഡ് ഭരണസമതിയിലുള്ള കൂടുതല്‍ അംഗങ്ങള്‍ സിപിഎം അനുഭാവികളാണെന്നും സിഐ ടിയു ആദ്യം അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തട്ടെയെന്നുമാണ് എഐടിയുസിയുടെ നിലപാട് നടുവണ്ണൂര്‍ കോക്കനട്ട് കോംപ്ലക്സില്‍ എ ഐ ടി യു സി യൂണിയന്‍ രൂപീകരിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവര്‍ ഇപ്പോള്‍ എഐടിയുസിയില്‍ അംഗങ്ങളാണ്.