എം എ കെ ഷാജഹാന്; പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി നിന്ന വ്യക്തിത്വം
|തെക്കന്‍ ശര്‍ഖിയ മേഖലയിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ പ്രതിനിധി എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ സേവനമെത്താത്ത മേഖലകളില്ല
മാധ്യമം - മീഡിയവണ്‍ ഗ്രൂപ്പ് മസ്കത്ത് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാനും പ്രവാസി വ്യവസായിയുമായ ഓടയം ഷാജഹാന്(എം എ കെ ഷാജഹാന്) വാഹനാപകടത്തില്‍ മരിച്ചു. രാത്രി 8.30 ഓടെ വര്‍ക്കല, ഓടയത്ത് ബൈക്കിടിച്ചാണ് അപകടം. ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മസ്കത്തിലെ അല്‍ ഹരീബ് ട്രേഡിങ് കമ്പനി ഉടമയും കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ ഭാരവാഹിയുമാണ്.
ഒമാനില്‍ പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി നിന്ന വ്യക്തിത്വമാണ് എം എ കെ ഷാജഹാന്. തെക്കന്‍ ശര്‍ഖിയ മേഖലയിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ പ്രതിനിധി എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ സേവനമെത്താത്ത മേഖലകളില്ല. വ്യവസായി എന്നതിനേക്കാള്‍ എം.എ.കെ ഷാജഹാന് ഒമാനിലെ പ്രവാസികള്‍ക്ക് സുപരിചിതനായത് സാമൂഹിക സേവകന് എന്ന നിലക്കായിരുന്നു. തൊഴില്‍പ്രശ്നത്തില്‍ അകപ്പെട്ടവര്‍ മുതല്‍ സൂര് തീരത്ത് കപ്പലില്‍ കുടുങ്ങുന്ന നാവികര്‍ വരെ ഷാജഹാന് സാഹിബിന്റെ സഹായത്തില്‍ പലകുറി നാടണഞ്ഞു. സാമൂഹികരംഗത്തും ഇസ്ലാമിക പ്രവര്‍ത്തനരംഗത്തും ഒരു പോലെ സജീവമായി നിന്ന വ്യക്തിത്വം. മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസത്തിനിടെ അദ്ദേഹം തുടക്കമിട്ട അല്‍ഹരീബ് സ്ഥാപനങ്ങള്‍ ഒമാനിലെ മികച്ച ബിസിനസ് സംരംഭമായി വളര്‍ന്നു. സൂര് ഇന്ത്യന്‍ സ്കൂളിന്റെ മാനേജ്മെന്റ് സമിതി അംഗം എന്ന നിലയില്‍ ഒമാനിലെ വിദ്യാഭ്യാസരംഗത്തും അദ്ദേഹം നിറഞ്ഞു നിന്നു. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ ബാസിം ഷാജഹന് മകനാണ്. ഭാര്യ സുബൈദ. ഈദ് ആഘോഷങ്ങള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം സ്വദേശമായ വര്ക്കലയിലെത്തിയതതായിരുന്നു ഷാജഹാന്. കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് എന്ന നിലയില്‍ ഒമാനില്‍ ഗള്‍ഫ് മാധ്യമത്തിന്റെയും മീഡിയവണിന്റെയും വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കാനും ഷാജഹാന് സാഹബിനായി.