പരുങ്ങലില്‍ തോമസ് ചാണ്ടി; ഒന്നും മിണ്ടാതെ പിണറായി വിജയന്‍
|മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിയെന്ന് തോമസ് ചാണ്ടി വ്യക്തമാക്കിയതോടെ പന്ത് പിണറായി വിജയന്റെ കോര്‍ട്ടിലാണ്. പക്ഷെ വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴും ഇതേക്കുറിച്ച് ഒന്നും പറയാന്‍ മുഖ്യമന്ത്രി തയ്യാറല്ല. ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ട്..
കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് എതിരായതോടെ ഗതാഗത മന്ത്രി തോമസ് ചാണ്ടി പ്രതിരോധത്തില്‍. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നു. സിപിഎം അന്തിമ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. വിജിലന്‍സ് അന്വേഷണ കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാവാനാണ് സാധ്യത.
മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിയെന്ന് തോമസ് ചാണ്ടി വ്യക്തമാക്കിയതോടെ പന്ത് പിണറായി വിജയന്റെ കോര്‍ട്ടിലാണ്. പക്ഷെ വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴും ഇതേക്കുറിച്ച് ഒന്നും പറയാന്‍ മുഖ്യമന്ത്രി തയ്യാറല്ല. ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ സ്ഥിരീകരിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ട് ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ചതോടെ രാജി കാര്യത്തില്‍ എല്‍ഡിഎഫിലും പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ഇപി ജയരാജന്റേയും, എകെ ശശീന്ദ്രന്റേയും കാര്യത്തില്‍ ഉണ്ടായത് പോലെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. പക്ഷെ മൂന്നാമതൊരു മന്ത്രിയുടെ രാജി സര്‍ക്കാരിന്റെ പ്രതിച്ഛയ മോശമാക്കുവെന്ന നിലപാടുള്ളവരുമുണ്ട്. ഈ സാഹചര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് വരുന്നത് വരെ തുടരാന്‍ അനുവദിക്കണമെന്നാണ് മറ്റ് ചില നേതാക്കളുടെ അഭിപ്രായം.
മന്ത്രിക്കെതിരെ ശക്തമായ സമരത്തിന് പ്രതിപക്ഷം ഇതുവരെ തയ്യാറായിട്ടില്ലെന്നത് തോമസ് ചാണ്ടിക്കും, എല്‍ഡിഎഫിനും ആശ്വാസമാണ്. അണികളില്‍ നിന്ന് വിമര്‍ശനം വന്നതോടെ രാജി വേണമെന്ന നിലപാട് എംഎം ഹസന്‍ എടുത്തു. റവന്യു വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് ആലപ്പുഴ കലക്ടര്‍ക്ക് പുറമേ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയും ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. വിജിലന്‍സും പ്രാഥമിക പരിശോധന നടത്തുമെന്നാണ് സൂചനകള്‍.