സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ ആയുധമാക്കാന്‍ ഇടതുമുന്നണി
|വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് റിപ്പോര്‍ട്ട് പരിഗണിച്ച് നടപടികള്‍ ആരംഭിക്കണമെന്നാണ് ചിലമുന്നണി നേതാക്കളുടെ അഭിപ്രായം.
കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ അഴിമതി ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണനയില്‍. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിന്റെ പ്രാഥമിക പരിഗണനയ്ക്ക് വന്നേക്കും. വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് റിപ്പോര്‍ട്ട് പരിഗണിച്ച് കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യം ഇടത് മുന്നണിക്കുള്ളിലുണ്ട്.
നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ട് ഇന്നലെ വൈകിട്ട് കമ്മിഷന്‍ കൈമാറിയെങ്കിലും സര്‍ക്കാര്‍ അത് വിശദമായി പരിശോധിച്ചിട്ടില്ല. ഷാര്‍ജ ഭരണാധികാരി കേരളത്തിലുള്ളതിനാല്‍ മുഖ്യമന്ത്രിയും തിരക്കിലായിരിന്നു.
ഉള്ളടക്കം സംബന്ധിച്ചോ റിപ്പോര്‍ട്ടിന്‍മേല്‍ എടുക്കാവുന്ന തുടര്‍ നടപടി സംബന്ധിച്ചോ ഔദ്യോഗിക പ്രതികരണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസും തയ്യാറായിട്ടില്ല. മുഖ്യമന്ത്രി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരാന്‍ സാധ്യതയുള്ളൂ. അത് ഇന്നുണ്ടായേക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ടിന്‍മേല്‍ നടപടി നിര്‍ദ്ദേശം ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്യണം. അതിന് ശേഷം നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്നാണ് കീഴ്‌വഴക്കം. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയും സര്‍ക്കാറും പറയട്ടെ എന്ന നിലപാടിലാണ് കമ്മീഷനുള്ളത്.
അതേസമയം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ചേരുന്നന മന്ത്രിസഭ യോഗം റിപ്പോര്‍ട്ട് പ്രാഥമികമായി പരിഗണിക്കും. പ്രതിപക്ഷത്തിരുന്നപ്പോഴുള്ള സമര വിജയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ജുഡിഷ്യല്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് രാഷ്ട്രീയമായി തന്നെ ഉപയോഗിക്കണമെന്ന അഭിപ്രായം ഇടത് മുന്നണിയിലുണ്ട്. അത് കൊണ്ട് വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് റിപ്പോര്‍ട്ട് പരിഗണിച്ച് നടപടികള്‍ ആരംഭിക്കണമെന്നാണ് ചിലമുന്നണി നേതാക്കളുടെ അഭിപ്രായം.