വിഴിഞ്ഞത്തിന്റെ പേരില്‍ കൊല്ലത്ത് വ്യാപകമായി പാറ ഖനനത്തിന് അനുമതി
|എഴുപതിലധികം ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്ന വെളിയം പഞ്ചായത്തിലാണ് വീണ്ടും ആറ് ക്വാറികള്‍ക്ക് ഖനനാനുമതി നല്‍കാന്‍ തീരുമാനിച്ചത്.
വിഴിഞ്ഞത്തിന്റെ പേരില്‍ കൊല്ലത്ത് വ്യാപകമായി പാറ ഖനനത്തിന് അനുമതി നല്‍കുന്നു. പദ്ധതിക്കായി ഇതുവരെ സ്വകാര്യ ക്വാറികള്‍ അടക്കം 23 എണ്ണത്തിനാണ് ഖനനാനുമതി നല്‍കാന്‍ ധാരണയായിരിക്കുന്നത്. അദാനി ഗ്രൂപ്പ് നേരിട്ടാണ് ഖനനം നടത്തുക. ഖനനവുമായി ബന്ധപ്പെട്ട രേഖകള്‍ മീഡിയാവണ്ണിന് ലഭിച്ചു. പൊട്ടിച്ച്തീര്‍ത്ത ക്വാറികളില്‍ വീണ്ടും ഖനനം നടത്തുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി.
73 ലക്ഷം മെട്രിക്ക് ടണ്‍ പാറ വിഴിഞ്ഞം പദ്ധതിക്കായി വേണമെന്നാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് നല്‍കിയിരിക്കുന്ന അപേക്ഷ. ഇതില്‍ 23 ലക്ഷം മെട്രിക്ക് ടണ്‍ കൊല്ലം ജില്ലയില്‍ നിന്ന് കണ്ടെത്തണമെന്നും അപേക്ഷയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയടക്കം പങ്കെടുത്ത യോഗമാണ് കൊട്ടാരക്കര താലൂക്കിലെ 23 ക്വാറികളില്‍ ആദ്യഘട്ടമായി ഖനാനുമതി നല്‍കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
എഴുപതിലധികം ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്ന വെളിയം പഞ്ചായത്തിലാണ് വീണ്ടും ആറ് ക്വാറികള്‍ക്ക് ഖനനാനുമതി നല്‍കാന്‍ തീരുമാനിച്ചത്. അടച്ച് പൂട്ടിയ ക്വാറികളില്‍ വീണ്ടും ഖനനം നടത്താന്‍ എത്തിയാല്‍ തടയുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ നിലപാട്.
വെളിയത്തിന് പുറമേ കൊട്ടാരക്കര താലൂക്കിലെ 7 പഞ്ചായത്തുകളിലെ ക്വാറികളും ഖനനത്തിനായി പരിഗണിക്കുന്നുണ്ട്. കൊല്ലം പോര്‍ട്ട് വഴി പാറ വിഴിഞ്ഞത്തെത്തിക്കാനാണ് അദാനി ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. കൊട്ടാരക്കര താലൂക്കിന് പുറമേ മറ്റിടങ്ങളിലും ഖനനത്തിനായുള്ള പരിശോധനകള്‍ റവന്യൂ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.