Kerala
പൂട്ടിയിടേണ്ടത് ഹാദിയയെ അല്ല, വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ കുതിര കയറുന്നവരെയെന്ന് വിഎസ്പൂട്ടിയിടേണ്ടത് ഹാദിയയെ അല്ല, വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ കുതിര കയറുന്നവരെയെന്ന് വിഎസ്
Kerala

പൂട്ടിയിടേണ്ടത് ഹാദിയയെ അല്ല, വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ കുതിര കയറുന്നവരെയെന്ന് വിഎസ്

Sithara
|
28 May 2018 9:59 PM GMT

വ്യക്തിയില്‍ ജന്മനാ ഒരു മതം അടിച്ചേല്‍പ്പിക്കുകയും അതാണ് 'ഘര്‍' എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുളള അനാവശ്യവും നിയമവിരുദ്ധവുമായ കടന്നുകയറ്റമാണെന്ന് വിഎസ്

പൂട്ടിയിടേണ്ടത് ഹാദിയയെ അല്ല, വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ കുതിര കയറുന്ന വര്‍ഗീയശക്തികളെയാണെന്ന് വി എസ് അച്യുതാനന്ദന്‍. ഹാദിയയുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് അവള്‍ ജീവിക്കട്ടെ. അവളുടെ നാളത്തെ വിശ്വാസം അവള്‍ നാളെ സ്വീകരിക്കട്ടെ എന്നും വിഎസ് മാതൃഭൂമി പത്രത്തിലെഴുതിയ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ബലതന്ത്രം എന്ന ലേഖനത്തിലെഴുതി.

ഒരു വ്യക്തിയുടെ രാഷ്ട്രീയ ചായ്‍വും വിശ്വാസവും മാറുന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും നിയമപരമായി മതം മാറുന്നതിലില്ല. ഒരു രാഷ്ട്രീയപാര്‍ട്ടിക്ക് തങ്ങളാണ് ശരി എന്നോ മറ്റുള്ളതിനേക്കാള്‍ ശരിയെന്നോ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ, മതപ്രചാരണത്തിന് അതിന്‍റെ പ്രചാരകര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ രാഷ്ട്രീയ കുതിരക്കച്ചവടം തെറ്റാണെന്നത് പോലെത്തന്നെ, നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമുള്ള മതംമാറ്റം കുറ്റകരമാണെന്നും വിഎസ് അഭിപ്രായപ്പെട്ടു.

വ്യക്തിയില്‍ ജന്മനാ ഒരു മതം അടിച്ചേല്‍പ്പിക്കുകയും അതാണ് 'ഘര്‍' എന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുളള അനാവശ്യവും നിയമവിരുദ്ധവുമായ കടന്നുകയറ്റമാണ്. ഘര്‍ വാപ്പസി എന്ന പേരിട്ടും മാതാപിതാക്കളെ സ്വാധീനിച്ചും ഇതിന് ന്യായീകരണമൊരുക്കാന്‍ ശ്രമിക്കുന്നതിലൂടെ സമൂഹത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നതെന്നും വിഎസ് വിമര്‍ശിച്ചു. അതേസമയം മതം എന്ന ഘടകത്തെ ആസ്പദമാക്കി അനുകൂലമായും പ്രതികൂലമായും രംഗത്തുവരുന്ന വര്‍ഗീയ സംഘടനകളെ തിരിച്ചറിയണമെന്നും വിഎസ് വ്യക്തമാക്കി. എസ്ഡിപിഐയും ആര്‍എസ്എസുമെല്ലാം ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍ മാത്രമാണ്. മതം അടിസ്ഥാനമാക്കി വിഭജനം നടന്നാലെ രണ്ട് കൂട്ടര്‍ക്കും നിലനില്‍പ്പുളളൂ. അതുകൊണ്ട് ഇവരെ തിരിച്ചറിയണമെന്നും വിഎസ് എഴുതി.

Similar Posts