സര്‍വകലാശാല യൂണിയന് പരിപാടി എന്‍എസ്എസ് മാനേജ്മെന്റ് തടഞ്ഞു; കവി പവിത്രന് തീക്കുനിയെ ഇറക്കിവിട്ടു
|കനത്ത മഴയെ അവഗണിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ കവിയരങ്ങില്‍ പങ്കെടുത്തു.
കേരള സര്‍വകലാശാലാ യൂണിയന് സംഘടിപ്പിച്ച പരിപാടി എന്‍എസ്എസ് മാനേജ്മെന്റ് തടഞ്ഞു. കൊട്ടിയം എന്‍എസ്എസ് കോളേജിലാണ് യൂണിയന്റെ കവിയരങ്ങ് തടഞ്ഞത്. കവി പവിത്രന് തീക്കുനി അടക്കമുള്ളവരെ കോളേജില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി വന്നതിന് തൊട്ട് പിന്നാലെയാണ് മാനേജ്മെന്റ് നടപടി.
കേരള സര്‍വകലാശാലാ യൂണിയന് സംഘടിപ്പിച്ച കവിയരങ്ങ് പ്രിന്‍സിപ്പാള്‍ സ്ഥലത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് എന്‍എസ്എസ് മാനേജ്മെന്റ് തടഞ്ഞത്. പരിപാടിക്കെത്തിയ കവി പവിത്രന് തീക്കുനി അടക്കമുള്ളവര്‍ കോളേജിന് പുറത്ത് പോകണമെന്നും മാനേജ്മെന്റ് നിലപാടെടുത്തു. ഇതോടെ കൊട്ടിയം എന്‍എസ്എസ് കോളേജ് ഗേറ്റിന് സമീപം യൂണിയന് പ്രതിഷേധ കവിയരങ്ങ് സംഘടിപ്പിച്ചു. മാനേജ്മെന്റ് നിലപാട് ധാര്‍ഷ്ട്യമാണെന്ന് കവി പവിത്രന് തീക്കുനി പറഞ്ഞു.
ഒരാഴ്ച മുന്‍പ് തന്നെ കോളേജിന് പരിപാടി സംബന്ധിച്ച അറിയിപ്പ് കൊടുത്തിരുന്നെന്നാണ് യൂണിയന് ഭാരവാഹികള്‍ പറയുന്നത്. കനത്ത മഴയെ അവഗണിച്ച് നിരവധി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ കവിയരങ്ങില്‍ പങ്കെടുത്തു.