സ്ത്രീ തുറന്നു പറച്ചിലുകളെ ഗൌരവത്തോടെ കണ്ട പുരുഷ സുഹൃത്തുക്കള്‍ക്ക് നന്ദി: സജിതാ മഠത്തില്‍
|കുട്ടികൾക്കു മേലുള്ള അതിക്രമങ്ങളിൽ ആൺ പെൺ വ്യത്യാസമില്ല
മീ ടു ക്യാമ്പയിനിലൂടെയുള്ള തുറന്നു പറിച്ചിലുകളെ ഗൌരവത്തോടെ കണ്ട്, ചേര്‍ന്നു നിന്ന തന്റെ പുരുഷ സുഹൃത്തുക്കള്‍ക്ക് നന്ദി പറയുന്നതായി സജിതാ മഠത്തില്‍. കുട്ടികൾക്കു മേലുള്ള അതിക്രമങ്ങളിൽ ആൺ പെൺ വ്യത്യാസമില്ലെന്നും സ്ത്രീകളുടെ ജീവിതത്തിലത് മരണം വരെ പിന്തുടരുന്നുവെന്നും സജിത ഫേസ്ബുക്കില്‍ കുറിച്ചു.
സജിതയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
നന്ദി എന്റെ പുരുഷ സുഹൃത്തുക്കൾക്ക് .
അവരിൽ വലിയൊരു പങ്കു പേരും #Metoo വിലൂടെ ഞങ്ങൾ പറയാൻ ഉദ്ദേശിച്ച വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി. ആൺ കുട്ടികളുടെ ജീവിതത്തിലും ചെറുപ്പകാലത്ത് സമാനമായ കഥകളുണ്ടെന്ന് നമ്മെ അറിയിച്ചു. അതെ കുട്ടികൾക്കു മേലുള്ള അതിക്രമങ്ങളിൽ ആൺ പെൺ വിത്യാസമില്ല. സ്ത്രീകളുടെ ജീവിതത്തിലത് മരണം വരെ പിന്തുടരുന്നു എന്നു മാത്രം.
അതെ ഇത് തുറന്നു പറച്ചിലിന്റെ കാലമാണ് ലോകത്തെല്ലാമുള്ള സ്ത്രീകൾക്ക് , ഒരു സ്ത്രീക്ക് ഇത്തരം ഒരു ചെറിയ കാര്യം പോലും ഭർത്താവിനോടു പോലും തുറന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പേടി കൊണ്ടല്ല .. ആ ഓർമ്മകളിൽ പോലും അവളുടെ ഉള്ളു വിറക്കും. അപമാനം കൊണ്ട് ചുരുങ്ങും . സ്വയം അടക്കി മാറാരോഗങ്ങൾ തന്നെ വരുത്തിവെക്കും. ഇവിടെ വന്ന് നല്ല സ്ത്രീകൾ ഇതൊന്നും പറയില്ല എന്നു പറയുന്നവരോട് ഒരു കാര്യം മാത്രം പറയട്ടെ .. നിങ്ങൾ തൊട്ടടുത്തു നിൽക്കുന്ന സ്ത്രീയുടെ മനസ്സ് ഇന്നുവരെ യഥാർത്ഥത്തിൽ അറിയാൻ ശ്രമിച്ചിട്ടുണ്ടാവില്ല. ഇത്തരം ഒരു അനുഭവം ഇല്ലാത്ത ഒരു സ്ത്രീ പോലും കേരളത്തിലുണ്ടായില്ല.
സ്ത്രീ ലൈംഗിക അക്രമങ്ങളിലൂടെ കടന്നു പോയി എന്നു പറയുമ്പോൾ അത് മറ്റൊരു കമ്പി' കഥകളായി തോന്നുന്നുവെങ്കിൽ നിങ്ങളിൽ ഞാൻ ഇടവഴിയിൽ പതിഞ്ഞു നിന്ന് ആക്രമിക്കുന്ന, ലേഡീസ് ഹോസ്റ്റലിന്റ മുമ്പിലെ അരണ്ട വെളിച്ചത്തിൽ ഞങ്ങൾക്ക് മുമ്പിൽ തന്റെ നഗ്നത പ്രദർശിപ്പിക്കുന്ന പുരുഷനെ കാണുന്നു. ഒരു അപരിചിതനായ വഷളൻ ... ഇതാ ഇവളുടെ പാവാട നീക്കിയേ മുലയിൽ പിടിച്ചേ എന്നു തലക്കെട്ട് ഇട്ട് വായന വർദ്ധിപ്പിക്കുന്ന മാധ്യമങ്ങളും പുതിയ കാലത്തെ ഈ വർഗ്ഗത്തെ തന്നെയാണ് ഓർമ്മപ്പെടുത്തുന്നത്. അവരും ഈ വിഷയത്തിൽ സ്ത്രീക്ക് ഒപ്പം നിൽക്കുന്നില്ല.
എന്നാൽ ആർജ്ജവമുള്ള കുറെ ആൺ സുഹുത്തുക്കൾ എനിക്കുണ്ടെന്ന് ഈ അവസരം എന്നെ ബോദ്ധ്യപ്പെടുത്തി. അവർ ഏറെ ഗൗരവത്തോടെ ഈ സ്ത്രീ തുറന്നു പറച്ചിലുകളെ കണ്ടു, ചേർന്നു നിന്നു.. നന്ദി ഏറെ നന്ദി
താഴെ Arun T Vijayan ന്റ കുറിപ്പ്
#metoo കാമ്പെയ്‌നിംഗിനെതിരായ പ്രതികരണങ്ങള്‍ക്ക് പിന്നില്‍ രണ്ട് വിധത്തിലുള്ള ചിന്താഗതികളാണുള്ളതെന്ന് എനിക്ക് തോന്നുന്നു. ഒന്ന്, സ്ത്രീകളുടെ തുറന്നുപറച്ചിലില്‍ അങ്കലാപ്പും ആശങ്കയും പേടിയും തോന്നുന്നവരുടെ പ്രതികരണങ്ങള്‍. സ്ത്രീകള്‍ തുറന്നു പറയാന്‍ തയ്യാറായാല്‍ അഴിഞ്ഞു വീഴുന്നതേയുള്ളൂ ഇവിടുത്തെ ഏതൊരാണിന്റെയും മാന്യതയുടെ മുഖംമൂടിയെന്നതാണ് അതിന് കാരണം. രണ്ട്, ലൈംഗിക ചൂഷണമെന്നാല്‍ ലൈംഗിക ബന്ധമാണെന്ന തെറ്റിദ്ധാരണ. ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്ന് തുറന്നു പറയുന്ന സ്ത്രീകളെല്ലാവരും റേപ്പ് ചെയ്യപ്പെടുകയോ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന തോന്നലാണ് അതിന് കാരണം. അതിനാലാണ് സജിത മഠത്തിലിന്റെ പോസ്റ്റിന് കീഴില്‍ പരിചതരും അപരിചതരുമായ പുരുഷന്മാര്‍ നിന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെങ്കില്‍ നിന്റെ തൊഴിലെന്താണെന്ന് മനസിലായി എന്ന് പറയാനുള്ള മാനസിക അവസ്ഥയുണ്ടാകുന്നത്. ബസില്‍, നടുറോഡില്‍ ഒരു ഉരസലില്‍ നിന്നുപോലും ലൈംഗിക തൃപ്തി തേടുന്നവര്‍ അതും ലൈംഗിക ചൂഷണം തന്നെയാണെന്ന് മനസിലാക്കുന്നില്ല എന്നതാണ് സത്യം. എന്തിന് സജിത ചേച്ചിയുടെ പോസ്റ്റിന് കീഴിലെ ആ കമന്റ് പോലും ഒരു ലൈംഗിക ചൂഷണമാണ്. ഈ കാമ്പെയ്‌നിംഗിന്റെ ഭാഗമായ സ്ത്രീകളുടെ പോസ്റ്റുകള്‍ക്ക് താഴെയുള്ള കമന്റുകള്‍ പരിശോധിച്ചാല്‍ മാത്രം മതി ഇവിടുത്തെ ആണധികാരത്തിന്റെ സദാചാരക്കുരു പൊട്ടുന്നത് കാണാം.
Arun T Vijayan