Kerala
നിങ്ങളുടെ വികസന മാതൃകയ്ക്ക് എതിരാണ്, പക്ഷേ കേന്ദ്രവിഹിതം ഞങ്ങളുടെ അവകാശമാണ്: മോദിയോട് തോമസ് ഐസക്നിങ്ങളുടെ വികസന മാതൃകയ്ക്ക് എതിരാണ്, പക്ഷേ കേന്ദ്രവിഹിതം ഞങ്ങളുടെ അവകാശമാണ്: മോദിയോട് തോമസ് ഐസക്
Kerala

നിങ്ങളുടെ വികസന മാതൃകയ്ക്ക് എതിരാണ്, പക്ഷേ കേന്ദ്രവിഹിതം ഞങ്ങളുടെ അവകാശമാണ്: മോദിയോട് തോമസ് ഐസക്

Sithara
|
28 May 2018 10:53 PM GMT

"കേന്ദ്ര വിഹിതം നിങ്ങളുടെ ഔദാര്യമല്ല. ഞങ്ങളുടെ അവകാശമാണ്. ഞങ്ങളും കൂടിയൊടുക്കുന്ന നികുതിപ്പണത്തിന്റെ വിഹിതമാണ്. അതു തരാതിരിക്കണമെങ്കിൽ ഭരണഘടന തിരുത്തിയെഴുതണം.പക്ഷേ നടക്കില്ല"- തോമസ് ഐസക്

കേന്ദ്ര സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസഹായം നല്‍കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. സംശയമൊന്നും വേണ്ട, നിങ്ങളുടെ വികസന മാതൃകയ്ക്ക് എതിരാണെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

"എന്നുവെച്ച് കേന്ദ്രവിഹിതം തരില്ല എന്നൊന്നും പറഞ്ഞേക്കരുത്. അതൊന്നും നിങ്ങളുടെ ഔദാര്യമല്ല. ഞങ്ങളുടെ അവകാശമാണ്. ഞങ്ങളും കൂടിയൊടുക്കുന്ന നികുതിപ്പണത്തിന്റെ വിഹിതമാണ്. അതു തരാതിരിക്കണമെങ്കിൽ ഭരണഘടന തിരുത്തിയെഴുതണം. അതാണ് നിങ്ങളുടെ ലക്ഷ്യമെന്നറിയാം. പക്ഷേ നടക്കില്ല"- തോമസ് ഐസക് വിശദമാക്കി.

ഏതാണ് നിങ്ങളുടെ വികസന മാതൃകയെന്നും തോമസ് ഐസക് ചോദിച്ചു. സാമ്പത്തികവളർച്ചയും ക്ഷേമപദ്ധതികളുമില്ലാത്ത മധ്യപ്രദേശും രാജസ്ഥാനുമൊക്കെയാണോ? അതോ സാമ്പത്തിക വളർച്ചയുണ്ടായിട്ടും തരിമ്പും ജനക്ഷേമ നടപടികളില്ലാത്ത ഗുജറാത്തോ? ഇത് രണ്ടും സ്വീകാര്യമല്ല. നിങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത വിദ്യാഭ്യാസ ആരോഗ്യാദി ക്ഷേമസൌകര്യങ്ങൾ കേരളത്തിലുണ്ട്. അതുകൊണ്ട് നിങ്ങളാണ് ഞങ്ങളെ മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ക്ഷേമം മറന്നുകൊണ്ടുള്ള ഗുജറാത്ത് മോഡൽ ഞങ്ങൾക്കു വേണ്ടേ വേണ്ട എന്ന് പറഞ്ഞാണ് തോമസ് ഐസക് ഫേസ് ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

Similar Posts