Kerala
സിപിഐ നിലപാട് കടുപ്പിക്കുന്നു, തോമസ് ചാണ്ടിയുടെ നില പരുങ്ങലില്‍സിപിഐ നിലപാട് കടുപ്പിക്കുന്നു, തോമസ് ചാണ്ടിയുടെ നില പരുങ്ങലില്‍
Kerala

സിപിഐ നിലപാട് കടുപ്പിക്കുന്നു, തോമസ് ചാണ്ടിയുടെ നില പരുങ്ങലില്‍

Subin
|
28 May 2018 1:23 PM GMT

കായല്‍ വീണ്ടും മണ്ണിട്ട് നികത്തുമെന്ന വെല്ലുവിളിയില്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ച അതൃപ്തിയും തോമസ് ചാണ്ടിക്ക് വിനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സിപിഐ സംസ്ഥാനനേതൃത്വത്തിന് പിന്നാലെ ദേശീയ നേതൃത്വവും നിലപാട് കടുപ്പിച്ചതോടെ മന്ത്രി തോമസ് ചാണ്ടിയുടെ നില പരുങ്ങലിലാവുന്നു. മുന്നണി ജാഥ സമാപിച്ചതിന് ശേഷം മന്ത്രിയുടെ കയ്യേറ്റം അടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മിനും, സിപിഐക്കും കൃത്യമായ നിലപാട് വ്യക്തമാക്കേണ്ടി വരും. കായല്‍ വീണ്ടും മണ്ണിട്ട് നികത്തുമെന്ന വെല്ലുവിളിയില്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ച അതൃപ്തിയും തോമസ് ചാണ്ടിക്ക് വിനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തോമസ്ചാണ്ടി നടത്തിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് നിയമോപദേശത്തിന് വിട്ടെങ്കിലും സിപിഐ നിലപാട് നേരത്തെയും വ്യക്തമായിരുന്നു. മുന്നണിയുടെ ജാഥക്ക് പിന്നാലെ ചാണ്ടിക്കെതിരെ നടപടിയാവശ്യം കൂടുതല്‍ ശക്തമാക്കാനായിരുന്നു സിപിഐയില്‍ ഉണ്ടായിരുന്ന ധാരണ. പാര്‍ട്ടി നിലപാട് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി കടുപ്പിച്ചതിന് പിന്നാലെ തിരിച്ച് കടുത്ത വിമര്‍ശം ഉന്നയിച്ചത് തോമസ് ചാണ്ടിക്ക് വിനയാകാനാണ് സാധ്യത.

മുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അഴിമതിക്കാരനാണെന്ന് പറഞ്ഞതില്‍ മറ്റ് നേതാക്കള്‍ക്കിടയിലും അത‍ൃപ്തിയുണ്ട്. നടപടി വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്ന സിപിഐ തോമസ് ചാണ്ടിക്കെതിരെ നിലപാട് കൂടുതല്‍ കടുപ്പിക്കാനാണ് സാധ്യത. കയ്യേറ്റ ആരോപണ കേസില്‍ കോടതി തീരുമാനം വന്ന ശേഷം തുടര്‍ നടപടികള്‍ ആലോചിച്ചാല്‍ മതിയെന്ന് വിചാരിച്ചിരുന്ന സിപിഎമ്മിനും ഇനി മൌനം പാലിക്കാന്‍ കഴിയില്ല.

മുന്നണി ജാഥയുടെ വേദിയില്‍ വച്ച് വെല്ലുവിളി നടത്തിയ ചാണ്ടിയുടെ നടപടി ന്യായീകരിക്കാനാകില്ലെന്നാണ് സിപിഎം നേത‍ൃത്വത്തിന്‍റെ ഇപ്പോഴത്തെ നിലപാട്. ഇതുവരെ പിന്തുണച്ചിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചാണ്ടിയുടെ പ്രസ്താവനയില്‍ അതൃപ്തി പ്രകടിപ്പിച്ചതും വരാന്‍ പോകുന്ന നിര്‍ണ്ണായക തീരുമാനത്തിന്‍റെ സൂചനയായി രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നുണ്ട്.

Similar Posts