Kerala
സര്‍വകക്ഷി യോഗത്തില്‍ സമര സമിതിയും യുഡിഎഫും പങ്കെടുക്കുംസര്‍വകക്ഷി യോഗത്തില്‍ സമര സമിതിയും യുഡിഎഫും പങ്കെടുക്കും
Kerala

സര്‍വകക്ഷി യോഗത്തില്‍ സമര സമിതിയും യുഡിഎഫും പങ്കെടുക്കും

Sithara
|
28 May 2018 6:15 AM GMT

സമരസമിതിയിലെ രണ്ട് പേരെ ക്ഷണിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

ഗെയില്‍ വിഷയം ചര്‍ച്ച ചെയ്യാനായി വിളിച്ച സര്‍വ്വകക്ഷി യോഗത്തിലേക്ക് സമര സമിതിക്കും ക്ഷണം. സമര സമിതിയിലെ രണ്ട് പേരെ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സമര സമിതിയെ കൂടി യോഗത്തിലേക്ക് ക്ഷണിച്ചതോടെ യുഡിഎഫും സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കും.

യോഗത്തില്‍ പങ്കെടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം സമര സമിതി അംഗീകരിച്ചു. സര്‍ക്കാര്‍ നിര്‍‍ദേശിച്ച പോലെ രണ്ട് പേര്‍ യോഗത്തില്‍ പങ്കെടുക്കും. അബ്ദുല്‍ കരീം, ജി അക്ബര്‍ എന്നിവരാണ് പങ്കെടുക്കുക. സമര സമിതി യോഗത്തിന്‍റേതാണ് തീരുമാനം. സമരം ചെയ്തവര്‍ക്ക് നേരെയുള്ള പൊലീസ് നരനായാട്ട് അവസാനിപ്പിക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.

സമര സമിതിയെ സര്‍വ്വകക്ഷി യോഗത്തിലേക്ക് വിളിക്കാത്തത് വിവാദമായ സാഹചര്യത്തിലാണ് ആദ്യ തീരുമാനം സര്‍ക്കാര്‍ തിരുത്തിയത്. സമര സമിതിയിലെ രണ്ട് പേരെ യോഗത്തിലേക്ക് ക്ഷണിക്കാനായി വ്യവസായ മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ യുഡിഎഫ് കോഴിക്കോട് ജില്ലാ നേതൃയോഗവും തീരുമാനിച്ചു.

സമര സമിതിയെ യോഗത്തിലേക്ക് ക്ഷണിക്കില്ലെന്നായിരുന്നു തിരുവമ്പാടി എംഎല്‍എ ജോര്‍ജ്ജ് എം തോമസ് നേരത്തെ പറഞ്ഞത്. ജനപ്രതിനിധികളേയും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളേയും മാത്രം യോഗത്തിലേക്ക് ക്ഷണിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. ജനപ്രതിനിധികളടക്കം തീരുമാനത്തെ ചോദ്യം ചെയ്തതോടെയാണ് നയം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്.

Similar Posts