Kerala
ജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമി: സബ് കലക്ടര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കേരള കര്‍ഷകസംഘംജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമി: സബ് കലക്ടര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കേരള കര്‍ഷകസംഘം
Kerala

ജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമി: സബ് കലക്ടര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് കേരള കര്‍ഷകസംഘം

Muhsina
|
28 May 2018 7:43 PM GMT

ഇടുക്കി കൊട്ടക്കമ്പൂരിലെ ജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയില്‍ സിപിഎം പോഷക സംഘടന കേരള കര്‍ഷകസംഘം സബ് കലക്ടര്‍ക്കെതിരെ നിലപാട് കടുപ്പിക്കുന്നു. കൊട്ടക്കമ്പൂരിലേതുള്‍പ്പെടെ..

ഇടുക്കി കൊട്ടക്കമ്പൂരിലെ ജോയ്സ് ജോര്‍ജ് എംപിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയില്‍ സിപിഎം പോഷക സംഘടന കേരള കര്‍ഷകസംഘം സബ് കലക്ടര്‍ക്കെതിരെ നിലപാട് കടുപ്പിക്കുന്നു. കൊട്ടക്കമ്പൂരിലേതുള്‍പ്പെടെ ഭൂമികൈവശമുള്ള കര്‍ഷകരെ ദേവികുളം ആര്‍ഡി ഓഫീസില്‍ വിളിച്ചുവരുത്തുന്നതിനെതിരെ കര്‍ഷകസംഘം പരസ്യമായി രംഗത്തെത്തുമെന്നാണ് സൂചന. അതേസമയം പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജോയ്സ് ജോര്‍ജ് എംപി വ്യക്തമാക്കി.

കൊട്ടാക്കമ്പൂര്‍, കാന്തല്ലൂര്‍, വട്ടവട, കീഴാന്തൂര്‍, മറയൂര്‍ മേഖലകളിലെ ഭൂമി പരിശോധനയ്ക്കെതിരെയാണ് കര്‍ഷകസംഘം നിലപാട് കടുപ്പിച്ചത്. ഇവിടങ്ങളില്‍ ഭൂമിയുള്ള കര്‍‌ഷകര്‍ ദേവികുളം ആര്‍ഡിഓഫീസില്‍ നേരിട്ടെത്തി രേഖകള്‍ ഹാജരാക്കണമെന്ന സബ് കലക്ടറുടെ ഉത്തരവിനെതിരാണ് കര്‍ഷകസംഘം. ജോയ്സ് ജോര്‍ജ് എംപിയുടെ കൊട്ടക്കമ്പൂരിലെ ഭൂമയുടെ പട്ടയം റദ്ദാക്കിയ നടപടിയും, നടപടിയെ സിപിഐ സ്വാഗതം ചെയ്തതുമാണ് സിപിഎമ്മിനെയും കര്‍ഷക സംഘത്തെയും കൂടുതല്‍ ചൊടിപ്പിച്ചത്. തുടര്‍ന്നും രേഖകളുമായി നേരിട്ട് ദേവികുളം ആര്‍ഡിഓഫീസില്‍ ഹാജരാകണമെന്ന ഉത്തരവ് സബ് കലക്ടര്‍ നല്‍കിയാല്‍ രാഷ്ട്രീയമായി നേരിടുമെന്നാണ് കര്‍ഷകസംഘത്തിന്‍റെ നിലപാട്.

എന്നാല്‍ പട്ടയം റദ്ദാക്കിയ നടപടി സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടല്ലെന്നായിരുന്നു ജോയ്സ് ജോര്‍ജ് എംപിയുടെ പ്രതികരണം. സാധ്യമായ നിയമനടപടികളുമായി മുന്നോട്ട് പോകും. തനിക്കെതിരെ ചില ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പട്ടയം റദ്ദാക്കിയ നടപടിയുണ്ടായതെന്നും ജോയ്സ് ജോര്‍ജ് എംപി പറഞ്ഞു.

റവന്യൂ വകുപ്പിന്റെ ആശീര്‍വാദത്തോടെയാണ് സബ് കലകടര്‍ വിആര്‍ പ്രേംകുമാറിന്റെ നടപടിയെന്നാണ് കര്‍ഷകസംഘത്തിന്‍റെ വിലയിരുത്തല്‍‌. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും ഭൂമി പരിശോധന സംബന്ധിച്ച് സബ് കലക്ടര്‍ നടപടി തുടര്‍ന്നാല്‍ റവന്യൂ വകുപ്പിനെതിരെ കര്‍ഷകസംഘം തുറന്നപോരുമായി രംഗത്തെത്തിയേക്കും.

Related Tags :
Similar Posts