സ്കൂള്‍ സമയത്ത് ഗെയില്‍ ടിപ്പര്‍ സര്‍വീസ് നടത്തിയതില്‍ പ്രതിഷേധം; ലോറികള്‍ പൊലീസ് കസ്റ്റഡിയില്‍
|സ്കൂള്‍ സമയത്ത് സര്‍വ്വീസ് നടത്തിയ ഗെയിലിന്റെ ടിപ്പര്‍ ലോറികള്‍ കോഴിക്കോട് കാരശ്ശേരിയില്‍ നാട്ടുകാര്‍ തടഞ്ഞു.
സ്കൂള്‍ സമയത്ത് സര്‍വ്വീസ് നടത്തിയ ഗെയിലിന്റെ ടിപ്പര്‍ ലോറികള്‍ കോഴിക്കോട് കാരശ്ശേരിയില്‍ നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് മൂന്ന് ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു. ഗെയിലിനായി വയല്‍ നികത്താന്‍ മണ്ണുമായി എത്തിയതായിരുന്നു ടിപ്പര്‍ ലോറികള്‍.
രാവിലെ ഒന്‍പതിനും പത്തിനുമിടയില്‍ സ്കൂള്‍ ആരംഭിക്കുന്ന സമയത്ത് ടിപ്പര്‍ ലോറികള്‍ സര്‍വ്വീസ് നടത്തരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് ലംഘിച്ച് സര്‍വ്വീസ് നടത്തിയ ഗെയിലിന്റെ മൂന്ന് ടിപ്പര്‍ ലോറികളാണ് കാരശേരിയില്‍ നാട്ടുകാര്‍ തടഞ്ഞത്. കാരശേരി വയലില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കായി മണ്ണിടാനായി എത്തിയതായിരുന്നു ലോറികള്‍. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സ്ഥലത്ത് എത്തിയ പോലീസ് ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു.
പകല്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ലോഡ് കയറ്റിയ ടിപ്പറുകള്‍ സുരക്ഷയ്ക്കായി ഷീറ്റ് ഉപയോഗിച്ച് മൂടണമെന്ന നിയമവും പാലിച്ചിരുന്നില്ലെന്നാണ് പരാതി. സ്കൂള്‍ സമയത്ത് സര്‍വ്വീസ് നടത്തിയതിന് തങ്ങള്‍ ഉത്തരവാദിയല്ലെന്നാണ് ഗെയിലിന്റെ വിശദീകരണം. കരാര്‍ എടുത്തയാളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതാണെന്നാണ് ഗെയിലിന്റെ നിലപാട്.