Kerala
Kerala

വനംവകുപ്പ് അനുമതിയില്‍ ആനത്താരയിലൂടെ റോഡ് നിര്‍മ്മിച്ചു

Subin
|
28 May 2018 2:25 AM GMT

പനവല്ലിയില്‍ നിന്നും അപ്പപ്പാറയിലേക്കാണ് വനത്തിലൂടെയുള്ള റോഡ് നിര്‍മാണം

വയനാട് പനവല്ലിയില്‍ ആനത്താരയിലൂടെ റോഡ് നിര്‍മിച്ചു. പനവല്ലിയില്‍ നിന്നും അപ്പപ്പാറയിലേക്കാണ് വനത്തിലൂടെയുള്ള റോഡ് നിര്‍മാണം. വനംവകുപ്പിന്റെ അനുമതിയോടെയാണ് അതീവ പരിസ്ഥിതി ലോല പ്രദേശത്ത് റോഡ് ടാറിങ് നടത്തുന്നത്.

നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റേഞ്ചില്‍ ആനകളെ സ്ഥിരമായി കാണുന്ന പനവല്ലിയില്‍ നിന്നും അപ്പപ്പാറയിലേക്കാണ് റോഡ് നിര്‍മിച്ചത്. കാടിനുനടുവിലൂടെ കടന്നുപോകുന്ന തോടിനു കുറുകെ കലുങ്കും നിര്‍മിച്ചു. തിരുവനന്തപുരത്തെ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്ററാണ് റോഡ് നിര്‍മാണത്തിന് അനുമതി നല്‍കിയത്.

രാജ്യത്തെ പ്രധാനപ്പെട്ട 9 ആനത്താരകളില്‍ ഒന്നാണിത്. വളരെ പെട്ടെന്നാണ് വനംവകുപ്പ് ഇതിന് അനുമതി നല്‍കിയത്. ഈ മേഖലയിലെ റിസോര്‍ട്ട് മാഫിയയുടെ താല്‍പര്യമാണ് ഈ റോഡ് സംരക്ഷിക്കുന്നത് എന്നാണ് ആരോപണം. 2014ല്‍ 14 ആദിവാസി കുടുംബങ്ങളെ വന്യജീവി സംഘര്‍ഷത്തിന്റെ പേരില്‍ ഒഴിപ്പിച്ച മേഖല കൂടിയാണിത്.

സ്ഥലം എംഎല്‍എയുടെയും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മാണം നടന്നത്. പനവല്ലിയിലെ ആദിവാസികള്‍ക്ക് അപ്പപ്പാറയിലേക്കെത്താനുള്ള സൗകര്യത്തിന് വനാവകാശ നിയമപ്രകാരമാണ് റോഡ് നിര്‍മിച്ചതെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വാദം.

Related Tags :
Similar Posts