Kerala
Kerala

സ്വന്തം വീടും പൊലീസ് ടെന്റും തീയിട്ട കേസ്: മുന്‍ എം എല്‍ എ സെല്‍വരാജ് അറസ്റ്റിലായി

admin
|
28 May 2018 11:18 PM GMT

കോടതി മുന്‍കൂര്‍ ജാമ്യഹരജി നിരസിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയ ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. എം എല്‍ എക്കെതിരെ ഉടന്‍ തന്നെ കുറ്റപത്രം

സ്വന്തം വീടും സുരക്ഷക്ക് നിന്ന പൊലീസുകാരുടെ ടെന്റും കത്തിച്ചെന്ന പരാതിയില്‍ മുന്‍ എം എല്‍ എ ആര്‍ സെല്‍വരാജും ഗണ്‍മാനും അറസ്റ്റിലായി. കോടതി മുന്‍കൂര്‍ ജാമ്യഹരജി നിരസിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയ ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. എം എല്‍ എക്കെതിരെ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കും.

സെല്‍വരാജ് സിപിഎം വിട്ട് യുഡിഎഫിലെത്തിയ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പ് സമയത്താണ് കേസിനാസ്പദമായ സംഭവം. തന്റെ വീടും വീടിനുമുന്നില്‍ സുരക്ഷാചുമതലയിലുണ്ടായിരുന്ന പൊലീസുകാരുടെ ടെന്റും സിപിഎമ്മുകാര്‍ തീയിട്ടെന്നായിരുന്നു സെല്‍വരാജിന്റെ പരാതി. പക്ഷെ, ഇത് സെല്‍വരാജും ഗണ്‍മാനും ആസൂത്രണം ചെയ്തതാണെന്നതിനുള്ള തെളിവുകള്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ പൊലീസിന് കിട്ടിയിരുന്നു. കുടുങ്ങുമെന്നായതോടെ കേസ് പിന്‍വലിക്കാന്‍ നീക്കം നടത്തിയെങ്കിലും പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസായതിനാല്‍ നടന്നില്ല.

കഴിഞ്ഞ മാസം സെല്‍വരാജിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സംഭവ ദിവസം വേളാങ്കണ്ണിയിലായിരുന്നുവെന്ന മൊഴി കള്ളമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ഇതോടെയാണ് ക്രൈം ഡിറ്റാച്മെന്റ് എസ് പി അശോകന് മുന്നില്‍ കീഴടങ്ങി ജാമ്യം നേടിയത്. കൊള്ളിവെപ്പ്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അടുത്ത മാസം തന്നെ കുറ്റപത്രം സമര്‍പ്പിക്കും. അതിന് മുന്‍പ് തന്നെ ഗണ്‍മാന്‍ പ്രവീണ്‍ ദാസിനെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെ വകുപ്പ് തല നടപടിയുണ്ടാകും.

Related Tags :
Similar Posts