നിർദ്ധന വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനും മിനിമം ബാലന്‍സ് പിഴ; ബാങ്കിനെതിരെ പ്രതിഷേധം
|അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ നിർദ്ധന വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുകയിൽ നിന്നു പോലും വൻതുക പിഴയീടാക്കുന്ന എസ്ബിഐയുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാവുന്നു.
അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ നിർദ്ധന വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുകയിൽ നിന്നു പോലും വൻതുക പിഴയീടാക്കുന്ന എസ്ബിഐയുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാവുന്നു. ആലപ്പുഴയിൽ ന്യൂനപക്ഷ വിഭാഗത്തിനുള്ള സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥിനിക്ക് നഷ്ടപ്പെട്ടത് പകുതിയോളം തുക. ഇതെത്തുടർന്ന് ബാങ്ക് ശാഖയിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി.
ആലപ്പുഴ കോയാപറമ്പില്‍ ഷാജിയുടെ മകള്‍ ആമിനയാണ് എസ്ബിഐയുടെ മിനിമം ബാലൻസിന്റെ പേരിലുള്ള കൊള്ളയ്ക്ക് ഇരയായത്. മൈനോറിറ്റി സ്കോളര്‍ഷിപ്പിന് മാത്രമായാണ് ആമിന ആലപ്പുഴ എസ്ബിഐയില്‍ അക്കൗണ്ട് തുടങ്ങിയത്. 2015ലും 16ലും 1000 രൂപ വച്ച് സ്കോളര്‍ഷിപ്പ് തുകയായി കിട്ടുകയും ചെയ്തു. ഇത്തവണ സ്കോളര്‍ഷിപ്പ് വന്നിട്ടുണ്ടെന്ന് അറിഞ്ഞാണ് ബാങ്കിലെത്തിയത്. 1000 രൂപ പിന്‍വലിക്കാന്‍ എഴുതിക്കൊടുത്തപ്പോഴാണ് 458 രൂപ മിനിമം ബാലന്‍സ് പിഴയായി പിടിച്ചെന്ന കാര്യം അറിയുന്നത്.
മാനേജരോട് സംസാരിച്ചപ്പോള്‍ ഇത്തവണ പിടിച്ച പണം തിരിച്ച് തരാന്‍ കഴിയില്ലെന്നും അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ അപേക്ഷ തന്നാല്‍ അടുത്ത തവണ മുതല്‍ പിഴ ഈടാക്കാതെ സ്കോളര്‍ഷിപ്പ് തുക തരാമെന്നുമായിരുന്നു മറുപടി.
ഇതിനെ തുടര്‍ന്ന് ഒടുവില്‍ ബാക്കിയുള്ള 500 രൂപ വാങ്ങാതെ ആമിനയും ഷാജിയും ബാങ്കിൽ നിന്ന് മടങ്ങി. ഇതു പോലെ ആയിരക്കണക്കിന് നിർദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുപോലെ ഇത്തവണ പണം നഷ്ടപ്പെടും.
നിർദ്ധനരായ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക പോലും കൊള്ളയടിക്കുന്ന നയം എസ്ബിഐ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ ആലപ്പുഴ നഗരത്തിലെ എസ്ബിഐ ശാഖയിലേക്ക് മാർച്ച് നടത്തിയത്. ന്യൂനപക്ഷ നിർദ്ധന വിഭാഗങ്ങൾക്ക് ലഭിക്കുന്ന സഹായം പോലും തട്ടിയെടുക്കുന്ന നയത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നിട്ടുണ്ട്.