Kerala
ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തംബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം
Kerala

ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം

Subin
|
28 May 2018 9:55 PM GMT

എകെജിയെ അപമാനിച്ച ബല്‍റാമിന്റെ നടപടിയോട് യോജിക്കാനാവില്ലെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ മുരളീധരന്‍ പറഞ്ഞു.

എകെജിക്കെതിരായ വിടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. എകെജിയെ അപമാനിച്ച ബല്‍റാമിന്റെ നടപടിയോട് യോജിക്കാനാവില്ലെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ മുരളീധരന്‍ പറഞ്ഞു. മോദിയെ അപമാനിച്ചതിന് മണിശങ്കര്‍ അയ്യരെ പുറത്താക്കിയ കോണ്‍ഗ്രസ് ബല്‍റാമിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു.

എകെജിയെ വിവാഹം കഴിക്കുമ്പോള്‍ സുശീല ഗോപാലന്റെ പ്രായം 22 ആയിരുന്നു എന്നും, അങ്ങനെയായിരുന്നുവെങ്കില്‍ പത്ത് വര്‍ഷത്തോളം നീണ്ട പ്രണയം തുടങ്ങുന്ന കാലത്ത് അവര്‍ക്ക് എത്ര വയസ്സ് ഉണ്ടാകുമെന്ന് കണക്കാക്കാവുന്നതേയുള്ളുവെന്നും പറഞ്ഞ ബല്‍റാം. എകെജി ബാലപീഡകനായിരുന്നു എന്ന തരത്തിലും ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരാണ് കോണ്‍ഗ്രസില്‍ നിന്നടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്ന് വരുന്നത്. ബല്‍റാമിന്റെ പരാമര്‍ശം കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു.

ബല്‍റാമിന്റെ നേതൃത്വത്തില്‍ നടത്തുന്നത് ഹീനമായ പ്രചരണമാണെന്നും, താരതമ്യമില്ലാത്ത എകെജിയുടെ രാഷ്ട്രീയ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള പ്രചരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വിവേകപൂര്‍ണ്ണമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതിനിടെ വി.ടി. ബല്‍റാമിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് മന്ത്രി എംഎം മണി രംഗത്ത് വന്നു.

ബല്‍റാമിന്റെ തൃത്താലയിലെ എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബല്‍റാമിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാവുകയാണ്.

Related Tags :
Similar Posts