ടേക്ക് ഓഫിലെ ജീവിതം പറഞ്ഞ് മെറീന
|തങ്ങള്‍ അനുഭവിച്ചതിന്റെ പത്ത് ശത്മാനം പോലും സിനിയില്‍ കാണിച്ചിട്ടില്ലെന്ന് മെറീന
നടി പാര്‍വ്വതിക്ക് നിരവധി പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത ടേക്ക് ഓഫ് എന്ന സിനിമയിലെ സമീറയെ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയിലെ താരവും സമീറ തന്നെയായിരിന്നു.എന്നാല്‍ തിരശ്ശീല വിട്ട് ജീവിതത്തിലെത്തുമ്പോള്‍ നായികയുടെ സ്ഥാനത്ത് സമീറയല്ല, മറ്റൊരാളാണ്.
ഇറാഖിലെ ദുരന്തമേഖലയില്‍ തന്‍റേയും കൂട്ടുകാരികളുടേയും ജീവന് വേണ്ടി പോരാടുന്ന സമീറ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് തീരാവേദനയായിരുന്നു. സിനിമ അവസാനിക്കുമ്പോള്‍ സമീറ കാണിച്ച നിശ്ചയദാര്‍ഢ്യത്തിനും, ധൈര്യത്തിനും പകരമായി പ്രേക്ഷകര്‍ തീയറ്ററില്‍ സമ്മാനിച്ചത് നിറഞ്ഞ കൈയ്യടികളും. എന്നാല്‍ ജീവീതത്തില്‍ ഈ കൈയ്യടിക്ക് അര്‍ഹയായ ഒരാളുണ്ട്. കോട്ടയം സ്വദേശിനിയായ മെറീന ജോസ്. സിനിമയില്‍ സമീറ അനുഭവിച്ച വേദന ജീവിതത്തില്‍ നേരിട്ടയാള്‍.
ഐ.എസ് ഭീകരർ ചോരക്കളം തീർത്ത ഇറാഖിലെ മൊസൂളിൽനിന്ന് ജീവനുമായ രക്ഷപ്പെട്ട മെറിനക്ക് പഴയ ഓര്‍മ്മകള്‍ നല്‍കുന്നത് ഞെട്ടല്‍ മാത്രമാണ്. തങ്ങള്‍ അനുഭവിച്ചതിന്റെ പത്ത് ശത്മാനം പോലും സിനിയില്‍ കാണിച്ചിട്ടില്ലെന്ന് പറയുമ്പോള്‍ തന്നെ മെറീനയും സുഹൃത്തുക്കളും അനുഭവിച്ച ദുരിതത്തിന്‍റെ വ്യാപ്തി വ്യക്തമാകും. സിനിമയില്‍ കാണുന്നത് പോലെ മോചനത്തിന് വേണ്ടി വ്യവസായി ഇടപെട്ടിരുന്നോ എന്ന കാര്യം മെറീനക്ക് ഇപ്പോഴും അവ്യക്തം.
പ്രായം അടക്കമുള്ള തടസ്സങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് തിരികെയെത്തിയ ശേഷം ഇതുവരെ മെറിന ജോലിക്ക് പ്രവേശിച്ചിട്ടില്ല. ലോക കേരള സഭക്ക് ശേഷം സര്‍ക്കാരില്‍ നിന്ന് ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മെറീനയും കുടുംബവും