പെരിന്തൽമണ്ണയില്‍ ഹർത്താലിനിടെ അക്രമം
|മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ താലൂക്കിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലില്‍ അക്രമം.
മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ താലൂക്കില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമം. അങ്ങാടിപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരുടെ വാഹനം തടഞ്ഞ് മര്‍ദ്ദിച്ചു. പെരിന്തല്‍മണ്ണയില്‍ പൊലീസ് ലാത്തി വീശി.
പെരിന്തല്‍മണ്ണ താലൂക്കില്‍ കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി ബസ്സുകള്‍ തടഞ്ഞ യുഡിഎഫ് പ്രവര്‍ത്തകര്‍ പലയിടത്തും യാത്രക്കാരെ ഇറക്കിവിട്ടു. മരത്തടികളും കല്ലും ഉപയോഗിച്ച് പ്രധാന റോഡുകളില്‍ പോലും തടസ്സം തീര്‍ത്തു.
അങ്ങാടിപ്പുറത്ത് വെച്ച് മാതൃഭൂമി ന്യൂസിന്റെ വാഹന തടഞ്ഞ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് നൌഫലിനെയും ക്യാമറമാന് പി വി സന്ദീപിനെയും ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സുര്ജിതിനെയും മര്‍ദ്ദിച്ചു. മൂവരും മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അങ്ങാടിപ്പുറം പോളിടെക്നികില്‍ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് പെരിന്തല്‍മണ്ണയിലെ ലീഗ് ഓഫീസ് അക്രമിക്കപ്പെട്ടത്. തുടര്‍ന്ന് സിപിഎമ്മിന്റെ മങ്കട ഏരിയാ കമ്മിറ്റി ഓഫീസും ഒരു സംഘം അടിച്ചുതകര്‍ത്തു.