കേരള കോണ്‍ഗ്രസിന്റെ ഇടത് മുന്നണി പ്രവേശം; എതിര്‍പ്പ് ശക്തമാക്കി സിപിഐ
|അടുത്ത ദിവസം നടക്കുന്ന സിപഐ കോട്ടയം ജില്ല സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശം ഉയരുമെന്നാണ്..
കേരള കോണ്‍ഗ്രസ് ഇടത് മുന്നണിയിലേക്ക് വരാനുള്ള ശ്രമങ്ങളെ ശക്തമായി എതിര്‍ക്കാനൊരുങ്ങി സിപിഐ. അടുത്ത ദിവസം നടക്കുന്ന സിപഐ കോട്ടയം ജില്ല സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശം ഉയരുമെന്നാണ് സിപിഐ ജില്ല സെക്രട്ടറി അടക്കം പറയുന്നത്.
കഴിഞ്ഞ ദിവസം കെ എം മാണി പ്രതിച്ഛായയില്‍ എഴുതിയ ലേഖനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ പ്രകീര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇത് ഇടത് പക്ഷത്തേക്ക് മാണിയും കേരള കോണ്‍ഗ്രസും നീങ്ങുന്നതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഇതിനെ കൃത്യമായി എതിര്‍ക്കാനാണ് സിപിഐ ശ്രമിക്കുന്നത്. 13 മുതല്‍ കറുകച്ചാലില്‍ നടക്കുന്ന സിപിഐ ജില്ല സമ്മേളനത്തില്‍ കെ എം മാണിയുമായി ബന്ധമുണ്ടാക്കാനുള്ള സിപിഎം ശ്രമത്തിന് രൂക്ഷ വിമര്‍ശം ഉയര്‍ന്നേക്കും.
ബജറ്റില്‍ ജില്ലയിലെ റബര്‍ കര്‍ഷകരെ അവഗണിച്ചിട്ടും ഇതിനെതിരെ കെ എം മാണി ശബ്ദമുയര്‍ത്താത്തതും ഇടത്തേക്കാണെന്ന സൂചനകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ബജറ്റിനെതിരെ വരെ സിപിഐ ജില്ല സമ്മേളനത്തില്‍ ശബ്ദമുയര്‍ന്നേക്കാം. മാണിയെ കൊണ്ടുവരാന്‍ സിപിഎം നീക്കം നടത്തിയാല്‍ കോട്ടയം ജില്ലയില്‍ നിന്ന് ഇതിനെ ആദ്യം ചെറുക്കനാണ് സിപിഐ ശ്രമിക്കുന്നത്. ഈ സമ്മേളനത്തിലെ പ്രധാന ചര്‍ച്ചയും ഇതാകും.