Kerala
പാര്‍പ്പിട പദ്ധതികള്‍ നിരവധി, എന്നിട്ടും  ഭവനരഹിതരുടെ കേന്ദ്രമായി പശ്ചിമ കൊച്ചിപാര്‍പ്പിട പദ്ധതികള്‍ നിരവധി, എന്നിട്ടും ഭവനരഹിതരുടെ കേന്ദ്രമായി പശ്ചിമ കൊച്ചി
Kerala

പാര്‍പ്പിട പദ്ധതികള്‍ നിരവധി, എന്നിട്ടും ഭവനരഹിതരുടെ കേന്ദ്രമായി പശ്ചിമ കൊച്ചി

Sithara
|
28 May 2018 1:28 AM GMT

പാര്‍പ്പിട പദ്ധതികള്‍ പലത്‌ വന്നിട്ടും പശ്ചിമ കൊച്ചിയിലെ ചേരികളിലെ ദുരിത ജീവിതത്തിന്‌ കാര്യമായ മാറ്റമില്ല.

പാര്‍പ്പിട പദ്ധതികള്‍ പലത്‌ വന്നിട്ടും പശ്ചിമ കൊച്ചിയിലെ ചേരികളിലെ ദുരിത ജീവിതത്തിന്‌ കാര്യമായ മാറ്റമില്ല. ഗുണഭോക്താക്കളുടെ പട്ടികയിലുള്ള പലരും കാത്തിരിപ്പിലാണ്. ഭവനരഹിതരുടെ കേന്ദ്രമായി തുടരേണ്ട ദുര്‍വിധിയാണ് ഇപ്പോഴും പശ്ചിമ കൊച്ചിക്കുള്ളത്.

ചരിത്രവും പൈതൃകവും ഇഴകലര്‍ന്ന പശ്ചിമ കൊച്ചിയുടെ വീഥികള്‍ പിന്നിട്ട് ചേരി ജീവിതത്തിന്റെ ഉള്ളറകളിലേക്ക് കടന്നാല്‍ പുതിയ പാര്‍പ്പിടം കാത്തിരിക്കുന്നവരുടെ ദുരിത ജീവിതമാണ് വരവേല്‍ക്കുക. കേരളത്തിലെ ഏറ്റവുമധികം ഭവനരഹിതരുള്ള മേഖലയാണ് മട്ടാഞ്ചേരി ഉള്‍പ്പെടുന്ന പശ്ചിമ കൊച്ചി. കേരളത്തിലെ മുഴുവന്‍ കണക്കെടുത്താല്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ 9 ഭൂരഹിത കുടുംബങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ കൊച്ചിന്‍ കോര്‍പറേഷന്റെ പരിധിയിലുള്ള 280 ചേരികളില്‍ 70 ശതമാനവും പശ്ചിമ കൊച്ചിയിലാണെന്നാണ് സര്‍ക്കാര്‍ കണക്ക്.

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ എറണാകുളം നഗരത്തിന്റെ ഓരത്ത് പതിനായിരത്തോളം കുടുംബങ്ങളാണ് ചേരികളില്‍ കഴിയുന്നത്. 2003ല്‍ മട്ടാഞ്ചേരിയിലെ ദാരിദ്ര്യ ലഘൂകരണത്തിനായി 1562 ഗുണഭോക്താക്കള്‍ക്കായി പാം എന്ന പേരില്‍ 70 കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിച്ചു. പക്ഷേ ചെലവഴിച്ചതാകട്ടെ ആകെ 3 കോടി രൂപ. പിന്നീട് വന്ന ഭൂരഹിത കേരളം പദ്ധതിയില്‍ പശ്ചിമ കൊച്ചി മേഖലയില്‍ മാത്രം 5000ത്തോളം അപേക്ഷകള്‍ വന്നു, പക്ഷേ ഗുണം ലഭിച്ചില്ല.

2014 മുതല്‍ കേന്ദ്ര പദ്ധതിയായ ആര്‍എവൈ പ്രകാരം 68 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. പക്ഷേ ഇപ്പോഴും പദ്ധതി പാതിവഴിയിലാണ്. 2016 ജനുവരിയില്‍ ആരംഭിച്ച ടെന്‍ഡര്‍ നടപടികള്‍ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കൊച്ചിന്‍ കോര്‍പ്പറേഷന് സാധിച്ചിട്ടില്ല. എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാവുന്ന ഇടുങ്ങിയ കെട്ടിടങ്ങളില്‍ ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ചെറുതും വലുതുമായ നിരവധി കുടുംബങ്ങള്‍ ഞെരുങ്ങി ജീവിക്കുന്നു.

Similar Posts