സഹകരണ ബാങ്കുകളിലെ ഏകീകൃത സോഫ്റ്റ്‌വെയര്‍ ഇഫ്താസ് ഇടുക്കിയിലും വയനാട്ടിലും പരാജയം
|ഇടുക്കിയില്‍ നിരവധി ബാങ്കുകള്‍ ഇഫ്താസ് സോഫ്റ്റുവെയറില്‍ നിന്ന് പിന്മാറി. വയനാട് ജില്ലയിലെ ബാങ്കുകള്‍ പൂര്‍ണമായി ഇഫ്താസില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചു...
സഹകരണ ബാങ്കുകളിലെ ഏകീകൃത സോഫ്റ്റ്‌വെയര്‍ നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ട ഇഫ്താസ് ഇടുക്കിയിലും വയനാട്ടിലും നടപ്പാക്കിയ പദ്ധതികള്‍ പരാജയം. ഇടുക്കിയില്‍ നിരവധി ബാങ്കുകള്‍ ഇഫ്താസ് സോഫ്റ്റുവെയറില്‍ നിന്ന് പിന്മാറി. വയനാട് ജില്ലയിലെ ബാങ്കുകള്‍ പൂര്‍ണമായി ഇഫ്താസില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചു. വയനാട് സഹകരണ സംഘങ്ങളുടെ കോര്‍ കമ്മറ്റി മിനിറ്റ്‌സിന്റെ പകര്‍പ്പ് മീഡിയവണിന്.
ഇഫ്താസ് കേരളത്തിലെ ബാങ്കുകളില്‍ ആദ്യമായി ഏകീകൃത സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയത് ഇടുക്കി ജില്ലയിലാണ്. 77 ബാങ്കുകളിലെ ഇരുന്നൂറോളും ശാഖകളില്‍ 2016 ലാണ് സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയത്. പ്രാഥമിക സഹകരണ സംഘത്തിനാവശ്യമായ സേവനങ്ങളില്ല, ആവശ്യമായ റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. റിപ്പോര്‍ട്ടുകള്‍ തെറ്റുന്നു എന്നിവയാണ് പ്രധാന പരാതികള്‍. സോഫ്റ്റ്‌വെയര്‍ ഉണ്ടായിരിക്കെതന്നെ റിപ്പോര്‍ട്ട് പ്രത്യേകം ഉണ്ടാക്കേണ്ട അവസ്ഥയിലാണ് അവിടെ. തുടര്‍ന്ന് പല സംഘങ്ങളും പിന്മാറി.
വയനാട്ടില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘങ്ങളുടെ കോര്‍ കമ്മറ്റി പലതവണ ചേരുകയും പ്രശ്‌നങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന കോര്‍ കമ്മറ്റിയുടെ നിര്‍ദേശം ഇഫ്താസ് അനുസരിച്ചില്ല. തുടര്‍ന്ന് മാര്‍ച്ച് എട്ടിന് സഹകരണ സംഘം ജോയിന്റെ രജിസ്ട്രാര്‍ വി മുഹമ്മദ് നൗഷാദിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന കോര്‍കമ്മറ്റി ഇഫ്താസുമായുള്ള കരാരില്‍ നിന്ന് പിന്മാറാനും ഇഫ്താസ് ഈടാക്കിയ തുക തിരികെ ആവശ്യപ്പെടാനും തീരുമാനിച്ചു. ആ കോര്‍കമ്മറ്റി യോഗത്തിന്റെ മിനിറ്റ്‌സാണിത്.
സോഫ്റ്റുവെയര്‍ ഫലപ്രദമല്ലെന്ന് കണ്ട് ഒരു ജില്ലയിലെ സഹകരണ സംഘങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച കമ്പനിയെ സംസ്ഥാനത്തെ മുഴുവന്‍ സഹകരണ സംഘങ്ങള്‍ക്കുമുള്ള സോഫ്റ്റുവെയര്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ഏല്‍പ്പിക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.