ആംബുലന്‍സില്‍ രോഗി മരിച്ചത് ഓക്സിജന്‍ ലഭിക്കാതെ
|ശ്വാസകോശത്തില്‍ കുമിളകള്‍ രൂപപ്പെട്ടിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സില്‍ രോഗി മരിച്ചത് ഓക്സിജന്‍ ലഭിക്കാതെയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ മരിച്ച സെബാസ്റ്റ്യന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തൃശൂര്‍ നഗരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സെബാസ്റ്റ്യനെ ആസ്തമാരോഗം കൂടിയപ്പോള്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടും പോകുംവഴിയാണ് മരിച്ചത്. ആംബുലന്‍സിലെ ഓക്സിജന്‍ തീര്‍ന്നത് കൊണ്ടാണ് സെബാസ്റ്റ്യന്‍ മരിച്ചതെന്ന ബന്ധുക്കളുടെ പരാതി ശരിവെക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
ശ്വാസകോശത്തില്‍ കുമിളകള്‍ രൂപപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴും സെബാസ്റ്റ്യന് ശ്വാസമുണ്ടായിരുന്നുവെന്ന ജനറല്‍ ആശുപത്രി അധികൃതരുടെ വിശദീകരണവും റിപ്പോര്‍ട്ട് തള്ളുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് ആശുപത്രി സൂപ്രണ്ട് ഉള്‍പ്പടെയുളള ജീവനക്കാരെ ചോദ്യം ചെയ്യും. സിലിണ്ടറില്‍ ഓക്സിജൻ തീര്‍ന്നിരുന്നതായി ആംബുലൻസില്‍ കൂടെയുണ്ടായിരുന്ന അറ്റൻഡര്‍ മൊഴി നല്‍കിയിട്ടുണ്ട്.