ഇടത് സ്ഥാനാര്‍ത്ഥിയുടെ ചിരിക്കുന്ന ചിത്രത്തിനെതിരെ യുഡിഎഫ്
|ഇടത് സ്ഥാനാര്‍ത്ഥിയുടെ ചിരിക്കുന്ന ചിത്രത്തെയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേര് മാറ്റത്തെയും ചൊല്ലി കോഴിക്കോട്ട് യുഡിഎഫിന്റെ പ്രതിഷേധം.
ഇടത് സ്ഥാനാര്‍ത്ഥിയുടെ ചിരിക്കുന്ന ചിത്രത്തെയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേര് മാറ്റത്തെയും ചൊല്ലി കോഴിക്കോട്ട് യുഡിഎഫിന്റെ പ്രതിഷേധം. വോട്ടിങ്ങ് യന്ത്രത്തില്‍ ബാലുശ്ശേരി മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി പുരുഷന്‍ കടലുണ്ടി എംഎല്‍എയുടെ ചിരിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി യു സി രാമന്റെ പേരിനൊപ്പം വീട്ട് പേര് ചേര്‍ത്തുവെന്നുമാണ് യുഡിഎഫിന്റെ പരാതി. യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടിങ്ങ് യന്ത്രം സജ്ജീകരിക്കുന്നത് മാറ്റിവെച്ചു.
യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് യു സി രാമന്‍. സ്വതന്ത്രനായി തച്ചം പൊയില്‍ മീത്തല്‍ രാമന്‍ എന്നരാളും മത്സരിക്കുന്നുണ്ട്. ഇതിനാലാണ് യു സി രാമന്റെ പേരിനൊപ്പം വീട്ട് പേര് ചേര്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് വരണാധികാരിയുടെ പക്ഷം. പുരുഷന്‍ കടലുണ്ടിയുടെ ചിരിക്കുന്ന ചിത്രം വേണമെങ്കില്‍ മാറ്റാമെന്നും വരണാധികാരി യുഡിഎഫ് നേതാക്കളെ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ ഇതിനോടകം അയച്ചു കഴിഞ്ഞതിനാല്‍ ഇതിലെ ഫോട്ടോ മാറ്റാനാവില്ലെന്നും വരണാധികാരി നിലപാടെടുത്തു. വരണാധികാരിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നായിരുന്നു യുഡിഎഫ് വ്യക്തമാക്കി.
യു സി രാമന്‍ എന്ന് പറഞ്ഞാണ് യുഡിഎഫ് വോട്ടഭ്യര്‍ഥിച്ചത്. യന്ത്രത്തിലെ പേര് മാറ്റം അതുകൊണ്ട് തന്നെയാണ് യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നതും. കലക്ടറേറ്റില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വരണാധിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ ഇടത് അനുകൂല സംഘടനകള്‍ വരണാധികാരിക്ക് പിന്തുണയുമായി പ്രകടനം നടത്തി.