സംസ്ഥാനത്ത് രൂക്ഷമായ കടല്‍ക്ഷോഭം
|അടുത്ത 24 മണിക്കൂര്‍ വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് രൂക്ഷമായ കടല്‍ക്ഷോഭം. അടുത്ത 24 മണിക്കൂര്‍ വലിയ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂരില്‍ ഇന്നലെ തിരയില്‍പെട്ട് കാണാതായ അശ്വനിയുടെ മൃതദേഹം കണ്ടെത്തി.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരളതീരത്ത് ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്. നിരവധി വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും കടലെടുത്തു. തിരുവനന്തപുരം വലിയതുറ കുഴിവിളയിലാണ് കടലാക്രമണം രൂക്ഷം. കടല്‍ഭിത്തിയുള്ള ഇവിടെപ്പോലും നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. പൂന്തുറ ചേരായമുട്ടത്ത് കരയില്‍ കയറ്റിയിട്ടിരുന്ന വള്ളങ്ങള്‍ ശക്തമായ തിരയില്‍ കൂട്ടിയിടിച്ചാണ് നശിച്ചത്. ഇവിടെ മാത്രം അന്‍പതോളം വള്ളങ്ങള്‍ക്ക് കേടുപറ്റി. കടലാക്രമണം രൂക്ഷമായ ഭാഗത്ത് നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് ഏഴും കാസര്‍കോട് ഒന്നും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തൃശൂർ അഴീക്കോട് കടല്‍ക്ഷോഭത്തില്‍ പെട്ട് കാണാതായ യുവതിയുടെ മൃതദേഹം ലഭിച്ചു. മാള സ്വദേശി അശ്വനിയാണ് ഇന്നലെ തിരയില്‍പ്പെട്ടത്. ബന്ധുക്കളോടൊപ്പം ബീച്ച് ഫെസ്റ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു. അശ്വനിയോടൊപ്പം രണ്ടു ബന്ധുക്കളും കടലിൽ വീണെങ്കിലും ഇവരെ പിന്നീട് രക്ഷപ്പെടുത്തി. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശത്ത് താമസിക്കുന്നവര്‍ക്കും സഞ്ചാരികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.