Kerala
വന്‍കിട ആശുപത്രികളില്‍ നഴ്‍സുമാരുടെ ശമ്പളം കുറവ്വന്‍കിട ആശുപത്രികളില്‍ നഴ്‍സുമാരുടെ ശമ്പളം കുറവ്
Kerala

വന്‍കിട ആശുപത്രികളില്‍ നഴ്‍സുമാരുടെ ശമ്പളം കുറവ്

Khasida
|
28 May 2018 1:09 AM GMT

നഴ്സുമാരുടെ വേതന വര്‍ധന സര്‍ക്കാര്‍ നടപ്പിലാക്കുന്നത് വന്‍കിട ആശുപത്രികളെ ബാധിക്കാത്ത തരത്തിലെന്ന് ആക്ഷേപം.

നഴ്സുമാരുടെ വേതന വര്‍ധന സര്‍ക്കാര്‍ നടപ്പിലാക്കുന്നത് വന്‍കിട ആശുപത്രികളെ ബാധിക്കാത്ത തരത്തിലെന്ന് ആക്ഷേപം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കിടക്കകളുള്ള ആശുപത്രികളില്‍ കുറഞ്ഞ വേതന വര്‍ധനവാണ് നടപ്പിലാക്കുന്നത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

കരട് വിജ്ഞാപനപ്രകാരം 200 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രിയിലെ നഴ്സുമാര്‍ക്ക് അടിസ്ഥാന ശമ്പളവും അലവന്‍സുമായി ലഭിക്കുക 32400 രൂപയാണ്. എന്നാല്‍ പുതുതായി തയാറാക്കിയ വിജ്ഞാപനത്തില്‍ 300 കിടക്കയുള്ള ആശുപത്രിയിലെ നഴ്സുമാര്‍ക്ക് ലഭിക്കുക 22000 രൂപ മാത്രമാണ്. 10400 രൂപയുടെ കുറവാണ് ഈ വിഭാഗത്തി‍ല്‍ ഉണ്ടായത്. 400 കിടക്ക ആയാല്‍പോലും 24000 രൂപയേ ലഭിക്കൂ. 800 കിടക്കക്ക് മുകളിലുണ്ടെങ്കിലേ 30000 ത്തിലധികം രൂപ നഴ്സിന് ലഭിക്കൂ. 100 ല്‍ താഴെ കിടക്കയുള്ള ചെറിയ ആശുപത്രികള്‍ക്ക് 20000 രൂപ നഴ്സുമാര്‍ക്ക് ശമ്പളം കൊടുക്കേണ്ടി വരുമ്പോള്‍ 300 കിടക്കയുള്ള കോര്‍പറേറ്റ് ആശുപത്രികള്‍ക്ക് 2000 രൂപ അധികം നല്‍കിയാല്‍ മതിയാകും.

500 ന് മുകളില്‍ കിടക്കകളുള്ള 6 ആശുപത്രികള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. ഉന്നത നിലവാരമുള്ള കോര്‍പറേറ്റ് ആശുപത്രികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും 200 നും 300 നും ഇടക്കാണ് കിടക്കകള്‍. വലിയ ആശുപത്രികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എടുക്കുന്നുവെന്ന് നഴ്സുമാര്‍ ആരോപിക്കുന്നതിന് പിന്നിലെ കാരണവും ഇതു തന്നെ.

Related Tags :
Similar Posts