ബിജെപി വോട്ടില്‍ വിള്ളലുണ്ടാകുമെന്ന് പ്രചരണം; ബിഡിജെഎസ് വോട്ടില്‍ കണ്ണും നട്ട് ഇടത് വലത് മുന്നണികള്‍
|കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ഥി പി എസ് ശ്രീധരന് പിള്ള നേടിയ വോട്ട് പകുതിയായി കുറയുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍
എന്‍ഡിഎ വോട്ടില്‍ വലിയ തോതിലുള്ള വിള്ളലുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ചെങ്ങന്നൂരിലെ ഇടത്-വലത് മുന്നണികള്‍. കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ഥി പി എസ് ശ്രീധരന് പിള്ള നേടിയ വോട്ട് പകുതിയായി കുറയുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ ബിഡിജെഎസ് അണികളുടെ അസംതൃപ്തി തങ്ങള്‍ക്ക് മുതല്‍ കൂട്ടാക്കാനുള്ള തന്ത്രങ്ങളാണ് എല്‍ഡിഎഫ് അണിയറയില്‍ ഒരുക്കുന്നത്.
ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് ബിജെപി നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിക്കുന്ന സാഹചര്യമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാകാനിരിക്കെ ചെങ്ങന്നൂരിലേത്. ഈ സാഹചര്യത്തെ പരാമാവധി ഉപയോഗപ്പെടുത്താനാണ് ഇടത് വലത് മുന്നണികളുടെ നീക്കം. ബിഡിജെഎസിലെ വലിയ വിഭാഗം വോട്ടുകള്‍ നേതൃത്വം ഇനി എന്ത് തീരുമാനിച്ചാലും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. ഒപ്പം എസ്എന്‍ഡിപിയിലെ ഒരു വിഭാഗം നേതാക്കള്‍ സജി ചെറിയാന് അനുകൂല നിലപാട് സ്വീകരിക്കുന്നതും ഇടത് പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്നു.
ബിജെപിയിലേക്ക് കഴിഞ്ഞ തവണ പോയ പരമ്പരാഗത യുഡിഎഫ് വോട്ടുകള്‍ തിരുകെ എത്തുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍ . യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ ആല പഞ്ചായത്തിലും ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന് ചെന്നിത്തല പഞ്ചായത്തിലും പ്രചരണം നടത്തിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പി എസ് ശ്രീധരന് പിള്ള ഭവന സന്ദര്‍ശനങ്ങളിലാണ് ഇന്ന് പ്രധാനമായും കേന്ദ്രീകരിച്ചത്.