നിര്‍മാണ മേഖല പിടിച്ചടക്കി തൊഴിലാളി കൂട്ടായ്മയുടെ ഊരാളുങ്കല്‍
|14 പേര് പതിനാലണയുമായി തുടങ്ങിയ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപറേറ്റീവ് സൌസൈറ്റി ഇപ്പോള്‍ ദേശീയ നിലവാരത്തിലേക്കുയര്‍ന്ന തൊഴിലാളി കൂട്ടായ്മയാണ്.
തൊഴിലാളികള്‍ക്കു വേണ്ടി തൊഴിലാളികള്‍ നടത്തുന്ന സംരഭമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപറേറ്റീവ് സൌസൈറ്റി. 14 പേര് പതിനാലണയുമായി തുടങ്ങിയ സംരംഭം ഇപ്പോള്‍ ദേശീയ നിലവാരത്തിലേക്കുയര്‍ന്ന തൊഴിലാളി കൂട്ടായ്മയാണ്. കഠിനാധ്വാനത്തിലൂടെ വിശ്വാസ്യത നേടിയെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ വിജയഗാഥയാണ് ഇന്നത്തെ മീഡിയവണ്‍- മലബാര്‍ ഗോള്‍ഡ് ഗോ കേരള.
സമയ ബന്ധിതമായ നിര്‍മാണവും ഗുണമേന്മയും. ഇവ രണ്ടുമാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് കേരളത്തിലെ നിര്‍മാണ മേഖലയില്‍ ഇടമൊരുക്കിയത്. വലിയ പാലങ്ങളും റോഡുകളും ഫ്ലൈ ഓവറുകളും നിര്‍മിച്ച് ഈ മേഖലയില്‍ അജയ്യരായി നില്ക്കുന്ന ഊരാളുങ്കലിന്റെ വിജയത്തിന് പിന്നില്‍ കഠിനാധ്വാനത്തിന്റെ കഥയുമുണ്ട്. നവോഥാന സംരഭങ്ങളുടെ ഭാഗമായി 1925 ല്‍ വാഗ്ഭടാനന്ദന് തുടങ്ങിയ തൊഴിലാളി കൂട്ടായ്മയുടെ തുടര്‍ച്ചയാണ് ഊരാളുങ്കല്‍ സൊസൈറ്റി.
2000 സ്ഥിരം തൊഴിലാളികള്‍ സൊസൈറ്റിക്കു കീഴില്‍ ജോലി ചെയ്യുന്നു. ഇതുവരെ ഏറ്റെടുത്തത് 4000 വലിയ പ്രൊജക്ടുകള്‍. തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ മാറ്റങ്ങള്ക്കിണങ്ങുന്ന സൈബര്‍ പാര്‍ക്ക് വരെ എത്തിനില്‍ക്കുന്നു ഊരാളുങ്കലിന്റെ വികസനം.
ടൂറിസം രംഗത്ത് കോഴിക്കോട് ഇരിങ്ങലിലെ സര്‍ഗലയ ക്രാഫ്റ്റ് വില്ലേജ് ഊരാളുങ്കലിന്റെ സംരഭമാണ്. വടകരയാണ് യുഎല്‍സിസിഎസ് ആസ്ഥാനം.