Kerala
റാഗിംഗ്: നാല് മലയാളി വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസ്റാഗിംഗ്: നാല് മലയാളി വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസ്
Kerala

റാഗിംഗ്: നാല് മലയാളി വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസ്

admin
|
28 May 2018 7:57 PM GMT

രണ്ട് വിദ്യാര്‍ഥിനികളാണ് കക്കൂസ് കഴുകാനുപയോഗിക്കുന്ന രാസദ്രാവകം കുടിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴി. ഗുല്ഡബര്‍ഗ

കര്‍ണാടക ഗുല്‍ബര്‍ഗയിലെ നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി റാഗിങ്ങിന് ഇരയായ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. അശ്വതിയുടേയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ കോളജിലെ നാല് മലയാളി വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിനായി കേരളാ പൊലീസ് കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലേക്ക് പോകും.

റാഗിങ് നടന്ന ഗുല്‍ബര്‍ഗ അല്‍ഖമര്‍ നഴ്സിങ് കോളജിലെ വിദ്യാര്‍ഥിനികളായ കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര, ശില്‍പ, കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വധശ്രമം, പട്ടികജാതി പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലക്ഷ്മിയും ആതിരയും ചേര്‍ന്നാണ് കക്കൂസ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസദ്രാവകം തന്നെ കുടിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയുടെ പകര്‍പ്പ് മെഡിക്കല്‍ കോളജ് പൊലീസ് ഗുല്‍ബര്‍ഗ പൊലീസ് കമ്മീഷണര്‍ക്ക് നല്‍കി. അന്വേഷണത്തിനായി രണ്ടംഗ പൊലീസ് സംഘം ഗുല്‍ബര്‍ഗയിലേക്ക് പുറപ്പെടുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മെയ് ഒന്‍പതിനാണ് ഗുല്‍ബര്‍ഗ നഴ്സിങ് കോളജിന്റെ ഹോസ്റ്റലില്‍ എടപ്പാള്‍ സ്വദേശിയായ അശ്വതി മുതിര്‍ന്ന വിദ്യാര്‍ഥിനികളുടെ റാഗിങ്ങിനിരയായത്. കക്കൂസ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസദ്രാവകം മുതിര്‍ന്ന വിദ്യാര്‍ഥികള്‍ അശ്വതിയെ കുടിപ്പിക്കുകയായിരുന്നു. ആദ്യം ഗുല്‍ബര്‍ഗയിലും പിന്നീട് എടപ്പാളിലെയും തൃശൂരിലെയും ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും അവശനിലയിലായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് പെണ്‍കുട്ടിക്ക് ഇപ്പോള്‍ നല്‍കുന്നത്. വീട്ടുകാരുമായുള്ള പ്രശ്നങ്ങള്‍ കാരണം പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച പെണ്‍കുട്ടിയുടെ അമ്മ പ്രതികളെ രക്ഷിക്കാനാണ് കോളജ് അധികൃതരുടെ ശ്രമമെന്ന് കുറ്റപ്പെടുത്തി.

Similar Posts