Kerala
ജോസഫ് മുണ്ടശേരിയെയും പവനനെയും തഴഞ്ഞ് സാഹിത്യ അക്കാദമിയുടെ ചരിത്രപുസ്തകംജോസഫ് മുണ്ടശേരിയെയും പവനനെയും തഴഞ്ഞ് സാഹിത്യ അക്കാദമിയുടെ ചരിത്രപുസ്തകം
Kerala

ജോസഫ് മുണ്ടശേരിയെയും പവനനെയും തഴഞ്ഞ് സാഹിത്യ അക്കാദമിയുടെ ചരിത്രപുസ്തകം

Sithara
|
28 May 2018 1:18 PM GMT

അക്കാദമിയുടെ ഗ്രാന്റോടെ തയ്യാറാക്കിയ ചരിത്രപുസ്തകത്തിലെ പിഴവുകളെ കുറിച്ച് സാംസ്കാരിക വകുപ്പ് വിശദീകരണം തേടി

കേരള സാഹിത്യ അക്കാദമിയുടെ ചരിത്രം പുസ്തകം വിവാദമാകുന്നു. അക്കാദമിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച ജോസഫ് മുണ്ടശേരി, പവനന്‍ തുടങ്ങിയ പ്രമുഖരെയും നിര്‍ണായക സാഹിത്യ വിവാദങ്ങളും അവഗണിച്ചു എന്ന് ആക്ഷേപം. ദീപശിഖേവ എന്ന പേരില്‍ ഡോ. സി ഭാമിനി എഴുതിയ പുസ്തകമാണ് വിവാദമായത്.

എന്നാല്‍ ഔദ്യോഗിക ചരിത്രമല്ലെന്നും എഴുത്തുകാരിയുടെ നിരീക്ഷണങ്ങള്‍ മാത്രമാണ് പുസ്തകത്തിലുള്ളതെന്നുമാണ് അക്കാദമിയുടെ വിശദീകരണം. പുസ്തകം വിവാദമായതോടെ സാംസ്കാരിക വകുപ്പ് വിശദീകരണം തേടി.

സാഹിത്യ സംവാദങ്ങളുടെയും അക്കാദമിയുടെയും ചരിത്രമാകേണ്ട പുസ്തകം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നേട്ടങ്ങളെ പെരുപ്പിച്ചും വിമര്‍ശനങ്ങള്‍ പൂഴ്ത്തിവെച്ചും വികലമാക്കിയെന്നാണ് പ്രധാന ആക്ഷേപം. പ്രസിദ്ധീകരണ വിഭാഗം പോലും അറിയാതെ തിടുക്കപ്പെട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നും ആക്ഷേപമുണ്ട്.

ഡോ. സി ഭാമിനി എഴുതിയ പുസ്തകത്തില്‍ അക്കാദമിക്ക് മികച്ച സംഭാവനകള്‍ നല്‍കിയ പവനന്‍, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, കെ.എന്‍ പണിക്കര്‍, കെ.പി കേശവമേനോന്‍ തുടങ്ങിയവരെക്കുറിച്ച് ഒരു വാക്കുപോലും ഉള്‍പ്പെടുത്തിയിട്ടില്ല. ജ്ഞാനപീഠ പുരസ്കാരത്തിന് ജി. ശങ്കരക്കുറുപ്പിനെ തഴഞ്ഞ നടപടി മുതല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിശ്വമലയാള സംഗമത്തെച്ചൊല്ലിയുള്ള വിവാദങ്ങളും വിമര്‍ശനങ്ങളും പുസ്തകത്തിലില്ല.

കര്‍ഷക ആത്മഹത്യക്കെതിരായ ഉയര്‍പ്പ് സമരവും ഭാഷാ പ്രചാരത്തിനായി സംഘടിപ്പിച്ച സാംസ്കാരിക യാത്രയും, സാഹിത്യകാരന്മാര്‍ പ്രതിഷേധിച്ച് അവാര്‍ഡ് തിരികെ നല്‍കിയ സംഭവങ്ങളും ചരിത്രപുസ്തകത്തിലില്ല. എന്നാല്‍ നിലവിലെ അക്കാദമി പ്രസിഡന്റിന്റേയും സെക്രട്ടറിയുടെയും അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ഇത് ഔദ്യോഗിക ചരിത്രപുസ്തകമല്ലെന്നാണ് അധികൃതരുടെ വിശദീകരണം.

അക്കാദമിയുടെ ഗ്രാന്റോടെ തയ്യാറാക്കിയ ചരിത്രപുസ്തകത്തിലെ പിഴവുകളെ കുറിച്ച് സാംസ്കാരിക വകുപ്പ് വിശദീകരണം തേടി.

Similar Posts