കലക്ടര്‍ അപമാനിച്ചത് കോഴിക്കോട്ടുകാരെ; മുഖ്യമന്ത്രിക്ക് പരാതി നല്‍കും: എം കെ രാഘവന് എംപി
|സര്‍ക്കാര്‍ മാധ്യമവും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് കലക്ടര്‍ തന്നെ നിരന്തരം അപമാനിക്കുന്നുവെന്നാണ് എം കെ രാഘവന്റെ പ്രധാന പരാതി
കോഴിക്കോട് ജില്ല കലക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം കെ രാഘവന് എംപി നാളെ മുഖ്യമന്ത്രിയെ കാണും. സര്‍ക്കാര്‍ മാധ്യമവും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് കലക്ടര്‍ തന്നെ നിരന്തരം അപമാനിക്കുന്നുവെന്നാണ് എം കെ രാഘവന്റെ പ്രധാന പരാതി. കലക്ടര്‍ മാപ്പ് പറയണമെന്ന എം കെ രാഘവന്റെ ആവശ്യത്തോട് ഫേസ് ബുക് പേജില്‍ കുന്ദംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്തായിരുന്നു കലക്ടറുടെ പരോക്ഷ മറുപടി. മാപ്പ് പോസ്റ്റ് ചെയ്തതിലൂടെ കലക്ടര്‍ കോഴിക്കോട്ടുകാരെ അപമാനിച്ചെന്ന് എംപി തിരിച്ചടിച്ചു.
മാപ്പ് പറഞ്ഞില്ലെങ്കില്‍ കലക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന എംപിയുടെ പരാമര്‍ശത്തോടുള്ള പ്രതികരണമാരാഞ്ഞപ്പോള്‍ വിവാദത്തിനില്ലെന്നായിരുന്നു ഇന്നലെ കലക്ടറുടെ മറുപടി. ഇതിന് പിന്നാലെയാണ് കുന്ദംകുളത്തിന്റെ മാപ്പ് ഫെയ്സ് ബുക്കില്‍ കലക്ടര്‍ പോസ്റ്റ് ചെയ്തത്. കലക്ടര്‍ക്കും എംപിക്കും അനുകൂലമായും എതിരായും നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം കലക്ടര്‍ മനസ്സിലാക്കണമെന്നായിരുന്നു കുന്ദംകുളം പോസ്റ്റിനോടുള്ള എം കെ രാഘവന്റെ പ്രതികരണം. കലക്ടര്‍ക്കെതിരെ പാര്‍ലിമെന്റ് പ്രിവില്ലേജ് സമിതിക്ക് പരാതി നല്‍കുമെന്നും എംപി വ്യക്തമാക്കി.