മഅ്ദനി കൊച്ചിയിലെത്തി
|ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ 7.15 ന് ബംഗളൂരുവില്‍ നിന്നു പുറപ്പെട്ട മഅ്ദനി എട്ടരയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.
അബ്ദുന്നാസിര്‍ മഅ്ദനി കൊച്ചിയിലെത്തി. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ 7.15 ന് ബംഗളൂരുവില്‍ നിന്നു പുറപ്പെട്ട മഅ്ദനി എട്ടരയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ പിഡിപി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയിരുന്നത്.
നേരത്തെ സിവില്‍ ഏവിയേഷന്റെ അനുമതി വേണമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചതോടെ രാവിലെ നിശ്ചയിച്ചിരുന്ന യാത്ര തടസപ്പെട്ടിരുന്നു. ഇതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചി ഓഫീസിന് മുന്നില്‍ പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. പിന്നീട് ഉന്നത തല ചര്‍ച്ചകള്‍ക്കൊടുവില്‍ വൈകീട്ടത്തെ ഇന്‍ഡിഗോ വിമാനത്തില്‍ തന്നെ മഅ്ദനിയെ കൊച്ചിലെത്തിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്കി. ഇതേത്തുടര്‍ന്നാണ് പിഡിപി പ്രവര്‍ത്തകര്‍ നടത്തിവന്ന ഉപരോധം അവസാനിപ്പിച്ചത്.
രാവിലെ ബോര്‍ഡിങ് പാസ് എടുത്ത് സെക്യൂരിറ്റ് ചെക്കിംഗ് കഴിഞ്ഞ മഅ്ദനി വിമാനത്താവളത്തിനുള്ളില്‍ കയറിയിരുന്നു. പിന്നീട് മഅ്ദനി ഇല്ലാതെ ഇന്‍ഡിഗോ എയര്‍ വിമാനം കൊച്ചിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. രാവിലെ ഒന്‍പതേ മുക്കാലോടെയാണ്, മഅ്ദനി, ചികിത്സയിലുള്ള സഹായ , ആശുപത്രിയില്‍ നിന്നും വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടത്. ഭാര്യ സൂഫിയ മഅ്ദനിയും ഒപ്പമുണ്ട്. പതിനൊന്നു മണിയോടെ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. 12.55 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. രണ്ട് പൊലിസ് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനത്താവളത്തിലേയ്ക്കുള്ള യാത്ര. കര്‍ണാടക എസിപി ശാന്തകുമാറും ഒരു പൊലിസ് ഇന്‍സ്പെക്ടറും മഅദനിയ്ക്കൊപ്പമുണ്ടായിരുന്നു. ഇന്നലെ രാവിലെ തന്നെ ഒരു ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പത്തു പേരടങ്ങുന്ന പൊലിസ് സംഘം കൊച്ചിയിലേയ്ക്ക് തിരിച്ചിട്ടുണ്ട്. എട്ടു ദിവസത്തെ ജാമ്യമാണ് മഅ്ദനിയ്ക്ക് വിചാരണ കോടതി അനുവദിച്ചിട്ടുള്ളത്.
ദൈവത്തിന് നന്ദി: മഅ്ദനി
സര്‍വ്വശക്തനായ ദൈവത്തിനോട് നന്ദി പറയുന്നുവെന്ന് അബ്ദുന്നാസിര്‍ മഅ്ദനി. തനിക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും പിന്തുണച്ചവര്ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെത്താന്‍ വൈകിയതിനു പിന്നില്‍ ആസൂത്രിത നീക്കമാണെന്ന സംശയവും മഅ്ദനി ഉന്നയിച്ചു.