ഡിഫ്തീരിയ: മലപ്പുറത്ത് പ്രതിരോധ വാക്സിനുകള്‍ക്ക് ക്ഷാമം
|പ്രതിരോധ കുത്തിവെപ്പ് എടുക്കാതെ തിരിച്ചുപോകില്ലെന്ന് നാട്ടുകാര്‍ ഉറച്ച് നിന്നപ്പോള്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് പോലീസിന്റെ സഹായം വരെ തേടേണ്ടിവന്നു.
ഡിഫ്തീരിയ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന മലപ്പുറം ജില്ലയില്‍ പ്രതിരോധ വാക്സിനുകള്‍ക്ക് ക്ഷാമം. രോഗത്തെക്കുറിച്ചുള്ള ആശങ്ക ഉയര്‍ന്നതോടെ പ്രതിരോധ കുത്തിവെപ്പിനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. ആശുപത്രികളില്‍ തിരക്കേറിയെങ്കിലും വേണ്ടത്ര വാക്സിന് സ്റ്റോക്കിലാത്ത സ്ഥിതിയാണ്.
കഴിഞ്ഞ ജൂണില്‍ ആദ്യ ഡിഫ്ത്തീരിയ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് പ്രതിരോധ കുത്തിവെപ്പിനായി ഇത്രയധികം പേര് ആശുപത്രികളില്‍ എത്തിയിരുന്നില്ല. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വാക്സിനെടുക്കാന്‍ എത്തുന്നവരുടെ എണ്ണവും കൂടി.
പതിനേഴ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കൊണ്ടോട്ടി ഹെല്ത്ത്ബ്ലോക്കില് ജൂണ്‍ 22 മുതല്‍ ജൂലൈ രണ്ട് വരെ ആറായിരം പേരാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തത്. ആശുപത്രികളില്‍ രാവിലെ ഏഴ് മുതല്‍ കുത്തിവെപ്പ് എടുക്കാന്‍ എത്തുന്നവരുടെ നീണ്ട ക്യൂ കാണാം. ഇന്നലെ മാത്രം കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ മുന്നൂറോളം പേരാണ് എത്തിയത്.
വാക്സിന്റെ കുറവ് കാരണം അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ആശുപത്രി അധികൃതര്‍ ആദ്യ പരിഗണന നല്‍കിയത്. എന്നാല്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാതെ തിരിച്ചുപോകില്ലെന്ന് നാട്ടുകാര്‍ ഉറച്ച് നിന്നപ്പോള്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് പോലീസിന്റെ സഹായം വരെ തേടേണ്ടിവന്നു.