കാണാതായ മലയാളികളെ കുറിച്ചുള്ള അന്വേഷണം: സൈബര്‍ സെല്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കും
|കാണാതായവരുടെ വാട്സ്ആപ് സന്ദേശങ്ങളും ഫോണ്‍വിളികളുടെ വിശദാംശങ്ങളും പരിശോധിച്ച ശേഷം സൈബര്‍സെല്‍ ഉടന്‍ റിപ്പോര്‍ട്ട് കൈമാറും
പാലക്കാട് നിന്ന് കാണാതായവരെ കുറിച്ച് പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നു. കാണാതായവരുടെ വാട്സ്ആപ് സന്ദേശങ്ങളും ഫോണ്‍വിളികളുടെ വിശദാംശങ്ങളും പരിശോധിച്ച ശേഷം സൈബര്‍സെല്‍ ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. കാണാതായവര്‍ ഏത് വിമാനത്താവളത്തില്‍ നിന്നാണ് യാത്രചെയ്തതെന്ന് അറിയാന്‍ കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങളില്‍ അന്വേഷണം ആരംഭിച്ചു.
ഈസയും യഹിയയും ഇവരുടെ ഭാര്യമാരും ശ്രീലങ്കയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലൂടെയാണ് യാത്ര ചെയ്തതെന്നാണ് ഇവരുടെ മാതാപിതാക്കള്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇത് വിശ്വസനീയമല്ലാത്തതുകൊണ്ടാണ് അന്വേഷണ സംഘം കേരളത്തിലെയും കോയമ്പത്തൂരിലെയും ബംഗളൂരുവിലെയും വിമാനത്താവളങ്ങളിലെ രേഖകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. കഞ്ചിക്കോട് സ്വദേശി ഷിബി ഏത് വിമാനത്താവളത്തിലൂടെയാണ് യാത്രചെയ്തതെന്നും കണ്ടെത്തേണ്ടതുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധന തുടരുകയാണ്.
കാണാതായവര്‍ പോകാന്‍ സാധ്യതയുള്ള വിദേശരാജ്യങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും നടക്കുന്നുണ്ട്. ഇവരുടെ അടുത്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുണ്ട്. കാണാതായ യാക്കര സ്വദേശികളുടെയും ഷിബിയുടെയും ബന്ധുക്കളില്‍ നിന്ന് കഴിഞ്ഞ ദിവസം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വാട്സ് ആപ് സന്ദേശങ്ങളും ഫോണ്‍വിളികളുടെ രേഖകളും ജില്ലാ സൈബര്‍സെല്ലിന് കൈമാറിയിരുന്നു. സൈബര്‍സെല്ലിന്റെ പരിശോധനാ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ കൈമാറും. കാസര്‍കോട് നിന്ന് പോയവര്‍ക്ക് പാലക്കാട് നിന്ന് കാണാതായവരുമായി ബന്ധമുണ്ടോ എന്ന് കാസര്‍കോട്ടെ പ്രത്യേക സംഘവും അന്വേഷിക്കുന്നുണ്ട്. കാണാതായവര്‍ക്കുമേല്‍ നിലവില്‍ യുഎപിഎ ചുമത്തേണ്ട സാഹചര്യമില്ല എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.