ദേശീയപാതാ വികസനം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും: ജി സുധാകരന്
|ആവശ്യമായ സ്ഥലം മാത്രമേ ഏറ്റെടുക്കൂ. ഭൂമിക്ക് ന്യായവില ഉറപ്പാക്കുമെന്നും മന്ത്രി
സംസ്ഥാനത്ത് ദേശീയപാത വികസനം രണ്ട് വർഷത്തിനകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിയമസഭയിൽ പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ വില കൃത്യസമയത്ത് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ആർടിസിയിൽ ഈ വർഷം 1562 പേർക്ക് നിയമനം നൽകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും സഭയെ അറിയിച്ചു.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ച് മാത്രമേ മുന്നോട്ട് പോകൂവെന്ന് മന്ത്രി ജി സുധാകരൻ വ്യക്തമാക്കി. പദ്ധതിക്ക് ആവശ്യമായ സ്ഥലം മാത്രമേ ഏറ്റെടുക്കൂ. ഏറ്റെടുക്കുന്ന ഭൂമിയുടെ മാർക്കറ്റ് വിലയുടെ 2 മുതൽ 4 ഇരട്ടി വരെ നൽകാൻ ദേശീയപാതാ അതോറിറ്റി തയ്യാറാണ്. ഇത് കൃത്യ സമയത്ത് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
പ്ലാസ്റ്റിക് മാലിന്യ മിശ്രണം ഉപയോഗിച്ച് ഈ വർഷം 100 കിലോമീറ്റർ റോഡ് നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിൽ ഈ വർഷം 1562 പേർക്ക് നിയമനങ്ങൾ നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രനും സഭയെ അറിയിച്ചു. എൻ ഷംസുദീൻ എംഎൽഎയുടെ അടിയന്തര ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വർധിക്കുന്നതായി മുഖ്യമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. കഴിഞ്ഞ 5 വർഷത്തിനിടെ 6835 കേസുകൾ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തു. 50 ശൈശവ വിവാഹവും ഈ കാലയളവിൽ ഉണ്ടായി. 253 കുട്ടികൾ കൊല്ലപ്പെട്ടതായും 6755 പേരെ കാണാതായതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.