ഇസ്‍ലാം മതം സ്വീകരിച്ച ഐഷയെ മാധ്യമങ്ങള്‍ വേട്ടയാടുന്നതായി പരാതി
|തനിക്ക് ഐഎസ് ബന്ധമില്ലെന്നും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ഐഷയുടെ ഒരേയൊരു ആവശ്യം. മലയാളികളുടെ....
മലയാളികളുടെ തിരോധാനത്തിന്റെ പേരില്‍ ഇസ്‍ലാം മതം സ്വീകരിച്ച എറണാകുളം സ്വദേശി ഐഷയെ മാധ്യമങ്ങള്‍ വേട്ടയാടുന്നതായി പരാതി. ഐ എസ് ബന്ധം ആരോപിച്ച് ചില പത്രങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതോടെ ഐഷയുടെ നിത്യ ജീവിതം തന്നെ പ്രതിസന്ധിയിലായി. ജോലിക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഐഷ.
ഇരുപത്തിയൊന്നുകാരിയായ ടിഷാ ടോമി എന്ന ഐഷ. ഏതാണ്ട് രണ്ട് വര്‍ഷം മുന്‍പ് ഖത്തറില്‍ വച്ചാണ് ഇസ്‍ലാം മതം സ്വീകരിക്കുന്നത്. സ്വന്തം പഠനത്തിലൂടെ എത്തിച്ചേര്‍ന്ന തീരുമാനമായിരുന്നു മതം മാറ്റം. കഴിഞ്ഞ വര്‍ഷം നാട്ടിലെത്തിയ ഐഷ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതയായി. ഇതോടെ വീട് വിട്ട് ഒറ്റക്ക് ജീവിക്കാന്‍ തീരുമാനിച്ചു. മാതാപിതാക്കള്‍ കോടതിയെ സമീപിച്ചെങ്കിലും പ്രായപൂര്‍ത്തിയായ യുവതിക്ക് മതം മാറാന്‍ അവകാശമുണ്ടെന്ന് കോടതി വിധിയെഴുതി. എന്നാല്‍ ഏതാനും ദിവസം മുന്പ് ഒരു സംഘം മലയാളികളെ കാണാതായതോടെ കഥമാറി. ഐഷക്ക് ഐ എസ് ബന്ധമുണ്ടെന്ന് വരെ ചില പത്രങ്ങള്‍ എഴുതി. എറണാകുളം കുടുംബ കോടതിയില്‍ വിവാഹമോചന കേസിനായി ഇടക്കിടെ ഐഷാ ഹാജരാകുന്നുണ്ട്. എന്നിട്ടും നാട് വിട്ടെന്നും വിദേശത്താണെന്നും വരെ വാര്‍ത്തകള്‍ സൃഷ്ടിച്ചു.
തനിക്ക് ഐഎസ് ബന്ധമില്ലെന്നും സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ഐഷയുടെ ഒരേയൊരു ആവശ്യം. മലയാളികളുടെ തിരോധാന വിവാദത്തിന്റെ പേരില്‍ പലയിടത്തും മതം മാറിയവര്‍ സമാനമായ രീതിയില്‍ വേട്ടയാടപ്പെടുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.