ഭാഷാവിഷയങ്ങള്‍ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ കാലിക്കറ്റില്‍ എംഎസ്‍സി പ്രവേശനമില്ല
|ബിരുദാനന്തര ബിരുദ പ്രവേശത്തിന് കാലിക്കറ്റ് സര്‍വകലാശാല സ്വീകരിച്ച മാനദണ്ഡം അശാസ്ത്രീയമെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി.
ബിരുദാനന്തര ബിരുദ പ്രവേശത്തിന് കാലിക്കറ്റ് സര്‍വകലാശാല സ്വീകരിച്ച മാനദണ്ഡം അശാസ്ത്രീയമെന്ന് വിദ്യാര്‍ത്ഥികളുടെ പരാതി. എംഎസ്‍സി കോഴ്സുകള്‍ക്ക് ഭാഷാവിഷയങ്ങളുടെ മാര്‍ക്ക് കൂടി പരിഗണിച്ച് പ്രവേശം നല്‍കാനാണ് സര്‍വകലാശാലയുടെ തീരുമാനം. പുതിയ മാറ്റത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ അറിയുന്നത് രണ്ടാഴ്ച മുന്‍പ് മാത്രമാണ്.
സയന്‍സ് ബിരുദം ലഭിച്ച വിദ്യാര്‍ഥിയുടെ പ്രധാന വിഷയത്തിന്റെയും സബ്സിഡിയറി വിഷയങ്ങളുടെയും മാര്‍ക്ക് മാത്രം പരിഗണിച്ചാണ് മറ്റു സര്‍വ്വകലാശാലകളില്‍ എം എസ് സിക്ക് പ്രവേശം നല്‍കുന്നത്. എന്നാല്‍ പ്രവേശത്തിന് ഭാഷാവിഷയങ്ങള്‍ കൂടി പരിഗണിക്കുന്ന പുതിയ രീതിയാണ് കാലിക്കറ്റില്‍ നടപ്പാക്കിയത്. ഇക്കാര്യം വിദ്യാര്‍ഥികള്‍ അറിയുന്നത് കോഴ്സ് പൂര്‍ത്തിയാക്കി എം എസ് സി പ്രവേശത്തിന് അപേക്ഷിച്ചപ്പോള്‍ മാത്രമാണ്. ഇനി ഐച്ഛിക വിഷയങ്ങള്‍ക്ക് നല്ല മാര്‍ക്കുണ്ടായാലും ഭാഷാ വിഷയങ്ങള്‍ക്ക് അല്പം മാര്‍ക്ക് കുറഞ്ഞാല്‍ എം എസ് സിക്ക് അഡ്മിഷന്‍ ലഭിക്കുന്ന കാര്യം സംശയമാണ്.
പ്രധാന വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത് പഠനം പാതിയിലെത്തിയ വിദ്യാര്‍ഥികളും പെട്ടെന്നുണ്ടായ മാറ്റത്തില്‍ ആശങ്കാകുലരാണ്. സര്‍വകലാശാലയുടെ നടപടിക്കെതിരെ വടകര മടപ്പള്ളി ഗവണ്‍മെന്റ് കോളജിലെ വിദ്യാര്‍ഥി ശ്രീലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.