ജിഷ വധം: പരാതി ശരിയാണെന്ന് തെളിഞ്ഞാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താമെന്ന് ഹൈകോടതി
|പൊലീസ് കംപ്ലൈന്റ് അതോറിറ്റിയോടാണ് ഹൈക്കോടതിയുടെ ഉത്തരവ്
ജിഷ കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ലഭിച്ച പരാതി സത്യസന്ധമാണെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയാല്‍ മാത്രം അന്വേഷണ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയാല്‍ മതിയെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റിക്ക് ഹൈക്കോടതിയുടെ ഉത്തരവ്. അതോറിറ്റിക്ക് മുമ്പാകെ തെളിവെടുപ്പിനായി 5 അന്വേഷണഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ അതോറിറ്റിയുടെ നടപടിക്കെതിരെ മുന്‍ എറണാകുളം ഐജി മഹിപാല്‍ യാദവ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ജിഷ വധകേസില്‍ പൊലീസിന്റെ ഭാഗത്ത് വലിയ വീഴ്ച്ച സംഭവിച്ചുവെന്ന അഡ്വക്കേറ്റ് ബേസില്‍ കുര്യാക്കോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകണമെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി ഉത്തരവിട്ടത്.
എന്നാല്‍ ഇതിനെതിരെ ഐജി മഹിപാല്‍ യാദവ് ഹൈക്കോടതിയെ സമീപിച്ചു. വിശദമായ വാദം കേട്ട ഹൈക്കോടതി കേവലം ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് നീതികരിക്കാനാവാത്തതാണെന്ന് വ്യക്തമാക്കി. എന്നാല്‍ പ്രഥമദൃഷ്ട്യ പരാതി യില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ അന്വേഷണഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ പൊലീസ് കംപ്ലൈയിന്റ് അതോറിറ്റിക്ക് തീര്‍ച്ചയായും അധികാരമുണ്ടെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ആവശ്യമെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും രേഖകള്‍ വിളിച്ചുവരുത്തി പരാതിയുടെ നിജസ്ഥിതി പരിശോധിക്കാമെന്നും ജസ്റ്റിസ് പി ബി സുരേഷ്കുമാറിന്റെ ഉത്തരവ് വ്യക്തമാക്കുന്നുണ്ട്.