ബിശ്വാസ് മേത്തയെ റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി
|യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് റവന്യൂവകുപ്പിലെ പല വിവാദ ഉത്തരവുകളിലും ഒപ്പിട്ടത് ബിശ്വാസ് മേത്തയായിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്......
ബിശ്വാസ് മേത്തയെ റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പി എച് കുര്യനാണ് പുതിയ റവന്യൂ സെക്രട്ടറി. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് റവന്യൂവകുപ്പിലെ പല വിവാദ ഉത്തരവുകളിലും ഒപ്പിട്ടത് ബിശ്വാസ് മേത്തയായിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പി എച് കുര്യനെ പുതിയ റവന്യൂ സെക്രട്ടറിയായി നിയമിച്ചത്.
നെല്ലിയാന്പതിയിലെ പോബ്സിന്റെ 833 ഏക്കര്‍ കരുണ എസ്റ്റേറ്റിന് കരമടക്കാന്‍ അനുമതി, മെത്രാന്‍ കാലയലിലെ 378 ഏക്കര്‍ പാടശേഖരവും കടമക്കുടിയിലെ 47 ഏക്കര്‍ ഭൂമിയും വന്‍കിട പദ്ധതികള്‍ക്കായി നികത്താന്‍ അനുമതി തുടങ്ങി യുഡിഎഫ് സര്‍ക്കാറിന്റെ വിവാദ തീരുമാനങ്ങളില്‍ പങ്കുള്ള ഉദ്യോഗസ്ഥനാണ് ബിശ്വാസ് മേത്ത.
സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് വലിയ ആയുധമായി ഈ തീരുമാനങ്ങള്‍ മാറുകയും ചെയ്തു.വിവാദ തീരുമാനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ തന്റെ അറിവോടെയല്ല മന്ത്രിസഭയിലെത്തിയതെന്ന് അന്നത്തെ റവന്യു മന്ത്രി അടൂര്‍ പ്രകാശ് വാദിച്ചിരുന്നു.
എന്നാല്‍ തെറ്റായ നടപടികളില്‍ വിയോജനക്കുറുപ്പ് പോലും രേഖപ്പെടുത്താന്‍ ബിശ്വാസ് മേത്ത തയ്യാറായിരുന്നില്ല. സര്‍ക്കാരിന്റെ നിയമവിരുദ്ധമായ നടപടികളില്‍ ഉദ്യോഗസ്ഥന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നുവെന്നും വിമര്‍ശമുയര്‍ന്നു. പുതിയ സര്‍ക്കാര്‍ വന്ന ശേഷം ബിശ്വാസ് മേത്തയെ നിലനിര്‍ത്തിയതില്‍ മുന്നണിയില്‍ തന്നെ അതൃപ്തി നിലനിന്നിരുന്നു. ഇതിനിടെ റവന്യൂ കേസുകള്‍ വാദിച്ചിരുന്ന സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ഭട്ടിനെ നീക്കിയതും വിവാദമായി. ഡെപ്യൂട്ടേഷനില്‍ കേരളത്തിലെത്തിയ ബിശ്വാസ് മേത്ത ഡല്‍ഹിക്ക് മടങ്ങുമെന്നാണ് സൂചന