വടകരയില്‍ വാഹനപരിശോധനക്കിടെ യുവാവിന് പൊലീസ് മര്‍ദനം
|മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുന്നുമ്മക്കര സ്വദേശി വട്ടക്കാട്ടില്‍ മുഹമ്മദ് നഫീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് വടകരയില്‍ വാഹനപരിശോധനക്കിടെ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുന്നുമ്മക്കര സ്വദേശി വട്ടക്കാട്ടില്‍ മുഹമ്മദ് നഫീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈകാണിച്ചിട്ടും ബൈക്ക് നിര്‍ത്തിയില്ലെന്ന് ആരോപിച്ചാണ് പൊലീസ് തന്നെ മര്‍ദ്ദിച്ചതെന്ന് മുഹമ്മദ് നഫീസ് പറഞ്ഞു.
ഇന്നലെ രാത്രി പത്ത് മണിയോടെ ഓര്‍ക്കാട്ടേരിയില്‍ വെച്ചാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന മുഹമ്മദ് നഫീസ് പൊലീസിന്റെ വാഹനപരിശോധന കണ്ട് മറ്റൊരുവഴിയിലൂടെ പോകാന്‍ ശ്രമിച്ചു. എന്നാല്‍ ഇവിടെയുണ്ടായിരുന്ന പൊലീസുകാരന് നഫീസിനെ ബലമായി പിടിച്ചുനിര്‍ത്തി മര്‍ദ്ദിച്ചു. ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെടാതെയാണ് തന്നെ പിടിച്ചുവെച്ചതെന്ന് നഫീസ് പറഞ്ഞു.
പിന്നീട് മൂന്ന് പൊലീസുകാര്‍ കൂടി എത്തി തലയിലും മുതുകിലും ചെവിയുടെ ഭാഗത്തും അടിച്ചു. അവശനായ തന്നെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും നഫീസ് പറഞ്ഞു. മുഹമ്മദ് നഫീസിന്റെ ആരോപണം എടച്ചേരി പൊലീസ് നിഷേധിച്ചു. ബൈക്ക് നിര്‍ത്താതെ പോയ യുവാവ് തങ്ങളുടെ ദേഹത്തേക്ക് ബൈക്കുമായി വീഴുകയായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിശദീകരണം.