മാണിയുടെയും ബാബുവിന്റെയും സ്വത്ത് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പിന് കത്ത്
|എഫ്ഐആര്‍ അടക്കമുള്ള വിവരങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്
മുന്‍മന്ത്രിമാരായ കെ.എം മാണിയുടെയും കെ.ബാബുവിന്റെയും സ്വത്ത് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പിന് വിജിലന്‍സ് കത്ത് നല്‍കി.രണ്ട് കേസുകളുടെയും അന്വേഷണചുമതലയുള്ള ഉദ്യോഗസ്ഥരാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ആദായനികുതി വകുപ്പിനെ സമീപിച്ചത്.എഫ്ഐആര്‍ അടക്കമുള്ള വിവരങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.
ഉന്നതരാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ അതിവേഗത്തിലാണ് വിജിലന്‍സ് നടത്തുന്നത്. പേരുകള്‍ നല്‍കിയാല്‍ ക്യത്യമായ വിവരങ്ങള്‍ നല്‍കാമെന്ന നിലപാട് ആദായനികുതിവകുപ്പ് എടുത്തതിന് തൊട്ട് പിന്നാലെ തന്നെ കെ.എം മാണിയുടേയും കെ ബാബുവിന്റെയും പേരുകള്‍ വിജിലന്‍സ് കൈമാറി. ഇരുവരുടേയും പൂര്‍ണ്ണമായ സ്വത്ത് വിവരങ്ങള്‍ എടുത്ത് നല്‍കണമെന്നാണ് ആവശ്യം. രണ്ട് പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കേസുകളുടെ എഫ്.ഐ.ആറും കൈമാറിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം വിവരങ്ങള്‍ നല്‍കാമെന്ന മറുപടിയാണ് വിജിലന്‍സിന് ലഭിച്ചത്.ആവശ്യമുള്ള നേതാക്കളുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പിനോട് നേരിട്ട് ചോദിക്കണമെന്ന നിര്‍ദ്ദേശം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയിരുന്നു. ഏതാനും ചില ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങളും ഉടന്‍ തന്നെ തേടാന്‍ തീരുമാനിച്ചിട്ടുണ്ട്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് സംശയമുള്ള രാഷ്ട്രീയനേതാക്കള്‍ക്കെതിരെ നടത്തുന്ന രഹസ്യാന്വേഷണം തുടരുകയാണ്.അന്വേഷണത്തിന് ശേഷം കേസെടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അവരുടെ വിവരങ്ങളും ആദായനികുതി വകുപ്പില്‍ നിന്ന് ശേഖരിക്കാനുള്ള തീരുമാനത്തിലാണ് വിജിലന്‍സ്.