അമേരിക്കന്‍ അവതാരകയെ പുട്ടുണ്ടാക്കാന്‍ പഠിപ്പിച്ച് മലയാളിയായ ആറ് വയസുകാരന്‍
|എലിന്‍ ഡി ജെനറെഴ്‌സിന്റെ അമേരിക്കന്‍ ടെലിവിഷന്‍ ചാനലിലെ പരിപാടിയിലൂടെയാണ് നിഹാല്‍ രാജ് നമ്മുടെ പുട്ടിന്റെ പാചകവിധികള്‍ ലോകത്തിന് പരിചയപ്പെടുത്തിയത്
ചോറ് പോലെ മലയാളികളുടെ ഭക്ഷണ മേശയില്‍ അങ്ങിനെയൊന്നും ഒഴിവാക്കാനാവാത്ത ഭക്ഷണമാണ് പുട്ട്. വലിയ അധ്വാനവും ചേരുവയൊന്നും വേണ്ടാത്ത പുട്ട് ആരോഗ്യത്തിന് ഗുണകരമായ ഒരു പ്രഭാത ഭക്ഷണം കൂടിയാണ്. വിദേശികള്‍ക്ക് അത്ര പരിചിതമല്ലാത്ത പുട്ടിനെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയാണ് മലയാളി കൂടിയായ നിഹാല്‍ രാജ് എന്ന ആറു വയസുകാരന്‍.
ലോകത്തെ വ്യത്യസ്തമായ രുചികള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന എലിന്‍ ഡി ജെനറെഴ്‌സിന്റെ അമേരിക്കന്‍ ടെലിവിഷന്‍ ചാനലിലെ പരിപാടിയിലൂടെയാണ് നിഹാല്‍ രാജ് നമ്മുടെ പുട്ടിന്റെ പാചകവിധികള്‍ ലോകത്തിന് പരിചയപ്പെടുത്തിയത്. എലിന്‍ ഷോ' എന്ന പാചകത്തെ കുറിച്ചുള്ള ഈ പരിപാടിക്ക് ലോകം മുഴുവന്‍ ലക്ഷകണക്കിന് ആരാധകരാണുള്ളത്. നിഹാല്‍ പുട്ടുണ്ടാക്കുന്ന എപ്പിസോഡ് ഇതുവരെ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
കേരളത്തിന്റെ പ്രഭാത ഭക്ഷണമാണ് പുട്ട് എന്ന് പറഞ്ഞുകൊണ്ടാണ് നിഹാല്‍ പരിപാടി അവതരിപ്പിച്ചത്. ഒരു കുട്ടിയുടെ പരിഭ്രമമൊന്നുമില്ലാതെ പരിചയ സമ്പന്നനായ ഒരു ഷെഫിനെപ്പോലെയായിരുന്നു നിഹാല്‍ ഈസിയായി പുട്ടുണ്ടാക്കിയത്. നിമിഷ നേരം കൊണ്ട് നല്ല രുചികരമായ ചൂട് പുട്ടുണ്ടാക്കി അവതാരകയുടെ കയ്യില്‍ കൊടുത്തു നിഹാല്‍.
നാലു വയസു മുതല്‍ കുട്ടികള്‍ക്കായുള്ള പാചക പരിപാടികള്‍ നിഹാല്‍ നടത്തുന്നുണ്ട്. അതിനായി നിഹാലിന് 'കിച്ചട്യൂബ് എച്ച്ഡി' എന്ന യൂട്യൂബ് ചാനലുമുണ്ട്. എറണാകുളം സ്വദേശിയായ നിഹാല്‍ രാജഗോപാല്‍ വി.കൃഷ്ണന്റെയും റൂബിയുടെയും മകനാണ്. റൂബിയും പാചകത്തില്‍ വിദഗ്ധയാണ്.