പ്രശ്നപരിഹാരത്തില്‍ അവ്യക്തത: യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരസമരം മൂന്നാംദിവസത്തിലേക്ക്
|അനൌദ്യോഗികമായി ചര്‍ച്ചകള്‍ തുടരുന്നു.
അഞ്ച് യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരസമരം മൂന്നാം ദിവസവും തുടരുമ്പോള്‍ പ്രശ്നപരിഹാരത്തിന്റെ കാര്യത്തില്‍ ഇരുപക്ഷത്തും അവ്യക്തത. സമരം എങ്ങനെ അവസാനിപ്പിക്കുമെന്ന ആശങ്ക യുഡിഎഫിനുണ്ട്. പിടിവാശിയില്‍ ഉറച്ച് നിന്നാല്‍ മാനേജ്മെന്റുകള്‍ക്ക് വഴങ്ങിയെന്ന ദുഷ്പേര് സര്ക്കാരിനുണ്ടാകുമോയെന്ന പേടിയിലാണ് ഭരണപക്ഷം.പു റമേ ഏറ്റുമുട്ടലിലാണങ്കിലും ഇരുപക്ഷവും അനൌദ്യോഗികമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച് യുഡിഎഫ് ഏറ്റെടുത്ത സമരത്തില്‍ നിന്ന് ഭാഗിക വിജയമെങ്കിലും ഉണ്ടാകാതെ പിന്മാറണ്ടന്ന ഉറച്ച തീരുമാനത്തിലാണ് യുഡിഎഫ്. പരിയാരം മെഡിക്കല്‍ കോളേജിലെ ഫീസില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. ഒപ്പം മെറിറ്റ് ലംഘിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്കിയാല് മറ്റ് സമര പരിപാടികളില്‍ നിന്ന് പിന്നോക്കം പോവുകയും ചെയ്യും.
എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ഔദ്യോഗികമായി ഏറ്റെടുക്കാത്തതിനാല്‍ ഫീസിളവിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. യുഡിഎഫിന്റെ ആവശ്യപ്രകാരം കരാറില്‍ മാറ്റം വരുത്തിയാല്‍ സാശ്രയ വിദ്യാഭ്യാസമേഖലയാകെ പ്രശ്നങ്ങളിലേക്ക് പോകുമെന്ന പേടിയും സര്‍ക്കാരിനുണ്ട്. പക്ഷെ,സമരം മുന്നോട്ട് പോയാല്‍ പ്രതിരോധത്തിലാകുമെന്ന് ഉറപ്പുള്ളതിനാല്‍ പ്രശ്നപരിഹാരത്തിനായി എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാനാകുമോയെന്ന ആലോചനയിലാണ് ഭരണപക്ഷം.
നാളെയും മറ്റെന്നാളും സഭാ സമ്മേളനം ഇല്ലാത്തതിനാല്‍ സമരം സെക്രട്ടേറിയേറ്റിന് മുമ്പിലേക്ക് മാറ്റുന്നതിനെക്കുറിച്ച് യുഡിഎഫ് ആലോചിക്കുന്നുണ്ട്. അതല്ലെങ്കില്‍ നിയമസഭയുടെ പുറത്തെ കവാടത്തില്‍ യുഡിഎഫ് കക്ഷി നേതാക്കളുടെ സമരം ആരംഭിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍.