ടോള്‍ പിരിവ് നിര്‍ത്തുമെന്ന് മന്ത്രി; ബദല്‍ വരുമാനമാര്‍ഗം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി
|പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും വാഗ്ദാനം
സംസ്ഥാനത്തെ ടോള്‍ പിരിവ് നിര്‍ത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ടോള്‍ പിരിവിന് ബദലായുള്ള വരുമാന മാര്‍ഗം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും വാഗ്ദാനം.
എറണാകുളം വഴിയുള്ള ദീര്‍ഘദൂര യാത്രക്കിടയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം. സംസ്ഥാനത്ത് ആദ്യത്തെ ഒറ്റത്തൂണില്‍ നിര്‍മ്മിച്ച നാല് വരി പാതയാണിത്. ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്ന് പാല ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പൊതുമാരമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
ടോള്‍ പിരിവ് നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി ബദല്‍മാര്‍ഗം സ്വീകരിക്കുമെന്ന് പാലം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
2014 സെപ്തംബറില്‍ നിര്‍മ്മാണം ആരംഭിച്ചു. 72 കോടി നിര്‍മ്മാണ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതി 39 കോടി രൂപക്കാണ് പൂര്‍ത്തിയാക്കിയത്. റോഡ്സ് ആന്റ് ബ്രിഡ്ജ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല നിര്‍വ്വഹിച്ചത്.