ഭക്ഷണവും വെള്ളവും നല്‍കിയില്ല; ഭിന്നശേഷിക്കാര്‍ക്കുള്ള ക്യാമ്പില്‍ കുട്ടികള്‍ക്ക് ദുരിതം
|ആലപ്പുഴയിൽ സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തിയ ക്യാംപിൽ കുട്ടികളുടെ ആവശ്യങ്ങൾ അവഗണിച്ചതായി പരാതി.
ആലപ്പുഴയിൽ സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തിയ ക്യാംപിൽ കുട്ടികളുടെ ആവശ്യങ്ങൾ അവഗണിച്ചതായി പരാതി. വെളളംപോലും കിട്ടാതെ ഭിന്നശേഷിക്കാരായ കുട്ടികൾ മണിക്കൂറുകളോളം ക്യംപിൽ കാത്തിരുന്നു. കുട്ടികളെ പരിശോധിക്കാൻ ആരോഗ്യവകുപ്പ് നിയോഗിച്ച ഡോക്ടർമാർ ക്യാംപിൽ എത്തിയില്ലെന്നും പരാതിയുണ്ടായി.
ഭിന്നശേഷിയുള്ള 3 മുതൽ 20 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടിയാണ് സാമൂഹ്യനീതി വകുപ്പ് ക്യംപ് സംഘടിപ്പിച്ചത്. രോഗപീഡകുറയ്ക്കാൻ സംഘടിപ്പിച്ച ക്യാംപ് തന്നെ കുട്ടികൾക്ക് ദുരിതമായി.
രോഗനിർണയ ക്യാംപാണെന്ന് കരുതി മാതാപിതാക്കൾ കുഞ്ഞുങ്ങളേയും തോളിലേറ്റി രാവിലെ തന്നെ ക്യാംപിലെത്തി. റജിസ്ട്രേഷനായി കുഞ്ഞുങ്ങളുമായി രക്ഷകർത്താക്കൾ കാത്തു നിന്നത് മണിക്കൂറുകൾ. എഴുന്നേൽക്കാൻ പോലും സാധിക്കാത്ത കുഞ്ഞുങ്ങൾ ഈ നേരമത്രയും കുടിവെള്ളം പോലും കിട്ടാതെ വലഞ്ഞു. രാവിലെ തുടങ്ങിയ ക്യാംപിൽ ഒരു ഗ്ളാസ് ചായ അല്ലാതെ മറ്റൊരു ഭക്ഷണവും അധികൃതർ കുഞ്ഞുങ്ങൾക്ക് വേണ്ടി തയാറാക്കിയിരുന്നില്ല. പല കുട്ടികളും തളർന്നു വീണു.
കുട്ടികളെ ചികിത്സിക്കാൻ ഡോക്ടർമാരും എത്തിയില്ല. കാരണം അന്വേഷിച്ചപ്പോൾ ക്യാംപിലേക്ക് ഡോക്ടർമാരെ അയക്കുന്നകാര്യം മറന്നുവെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതരുടെ മറുപടി. ഓട്ടിസം അടക്കമുള്ള രോഗം ബാധിച്ച കുട്ടികളുമായി എത്തിയ മാതാപിതാക്കൾ നിറകണ്ണുകളോടെയാണ് ക്യാംപിൽ നിന്ന് മടങ്ങിയത്.