നോട്ട് പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് കുട്ട നെയ്ത്തുകാര്‍
|കര്‍ഷകര്‍ കുട്ട വാങ്ങാതായതോടെ തൊഴിലാളികള്‍ പട്ടിണിയിലായി
ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതും മുള ലഭിക്കാത്തതും കൊണ്ട് ദുരിതത്തിലായ കുട്ട നെയ്ത്ത് തൊഴിലാളികളെ നോട്ട് പ്രതിസന്ധി കടുത്ത പട്ടിണിയിലാക്കിയിരിക്കുകയാണ്. വിളവെടുപ്പ് സമയത്താണ് വയനാട്ടില്‍ കുട്ടകള്‍ക്കും വട്ടികള്‍ക്കും ആവശ്യക്കാരുണ്ടാകുക. എന്നാല്‍ പണമില്ലാതായതോടെ ഈ തൊഴിലാളികളെ കര്‍ഷകരും കൈവിട്ടു.
മൂന്ന് നാള്‍ രാവും പകലും പണിയെടുത്താലാണ് പുഷ്പക്കും രാജുവിനും അഞ്ഞൂറ് രൂപക്കുള്ള കുട്ടയോ മുറമോ നെയ്യാനാവുക. മൂന്ന് മക്കളടക്കം അഞ്ച് പേരുള്ള കുടുംബത്തിന് ഉണ്ണാനും ഉടുക്കാനുമെല്ലാം നെയ്ത് വെച്ച കുട്ടകള്‍ ആരെങ്കിലും വാങ്ങി കാശ് തരണം. അതിന് ആളുകളുടെ അടുത്ത് കാശെവിടെ.
പരമ്പരാഗത നെയ്ത്ത് തൊഴിലാളികളായ കവറ വിഭാഗത്തില്‍ പെട്ട ഇവര്‍ക്ക് മറ്റ് തൊഴിലുകളൊന്നും വശമില്ല. പുറമ്പോക്കില്‍ കഴിയുന്നതിനാല്‍ വീട്ട് നമ്പറും, റേഷന്‍ കാര്‍ഡും സര്‍ക്കാര്‍ സഹായവും സ്വപ്നമാണ്. അതുകൊണ്ട് കഞ്ഞി കുടിക്കാന്‍, ചോദിക്കുന്ന കാശ് കൊടുത്ത് അരി വാങ്ങുക തന്നെ ശരണം. അരി തന്നെ കഷ്ടി പിന്നെയല്ലേ കറി.
നോട്ട് പ്രതിസന്ധി രാജുവിനെ പോലുള്ളവരെ, ഇടി വെട്ടിയവനെ പാന്പ് കടിച്ചത് പോലെയാക്കിയെന്നാല്ലാതെ എന്ത് പറയാന്‍.